raid

കൊച്ചി: സൗബിൻ ഷാഹീറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ ഇതുവരെ കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ റെയ്‌ഡിൽ കണ്ടെത്തി എന്നാണ് വിവരം. തുടർന്ന് ചോദ്യം ചെയ്യലിനായി സൗബിനെ ആദായനികുതി വകുപ്പ് വിളിപ്പിക്കും. ഏഴ് കേന്ദ്രങ്ങളിലായി നടന്ന റെയ്‌ഡിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരിശോധന രാത്രി 11 മണിവരെ ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ ഇപ്പോഴും തുടരുന്നു.

മഞ്ഞുമ്മൽ ബോയ്‌സിന്റെ വേൾഡ് വൈഡ് കളക്ഷൻ 242 കോടിയാണ് എന്ന് അന്വേഷണത്തിൽ നിന്നും ആദായനികുതി വകുപ്പിന് ബോദ്ധ്യമായി. 40 കോടി രൂപയുടെ വരുമാനം നി‌ർമ്മാതാക്കൾ മറച്ചുവച്ചിരുന്നു. ആദായനികുതി റിട്ടേണുകൾ വരുത്തുന്നതിലും വീഴ്‌ചവരുത്തിയിട്ടുണ്ട്. പ്രാഥമികമായ കണ്ടെത്തൽ മാത്രമാണ് നടന്നതെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകുന്ന സൂചന.

പറവ ഫിലിംസിന് പുറമേ ഡ്രീം ബിഗ് ഫിലിംസ് എന്ന നി‌ർമ്മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ രണ്ട് കമ്പനികൾക്കും ഒരേ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് പണം നൽകിയത്. ഇതിലും അനധികൃത ഇടപാടുകളാണ് നടന്നതായി സംശയമുണ്ട്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റ് റെയ്ഡ് നടത്തുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവിൽ വലിയ രീതിയിലുള്ള കള്ളപ്പണ ഇടപാട് നടന്നുവെന്ന പരാതിയിൽ വിവര ശേഖരണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. ചിത്രത്തിന് തമിഴ്‌നാട്ടിൽ ഫുൾ ബുക്കിംഗാണ് എന്ന് കാണിച്ച് കാലിയായ തീയേറ്ററുകളിൽ ചിത്രം ഓടിയിരുന്നു. ഇത് കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ.