
കോഴിക്കോട്: ശുചിമുറി മാലിന്യത്താൽ നാറുന്ന നഗരത്തെ ക്ലീനാക്കാൻ കോർപ്പറേഷൻ പുറത്തിറക്കിയ 'അഴക് ആപ്പ് ' ലക്ഷ്യം തൊട്ടു. റോഡരികിലും ഒഴിഞ്ഞ പറമ്പുകളിലും തോടുകളിലും ശുചിമുറി മാലിന്യം തള്ളുന്നത് പതിവായതോടെയാണ് പരിഹാരമായി അഴക് ആപ്പുമായി കോർപ്പറേഷൻ രംഗത്തെത്തിയത്. മാലിന്യമുക്ത നഗരം എന്ന ലക്ഷ്യവുമായി നടപ്പാക്കിയ അഴക് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. അഴക് ആപ്പ് വഴി ബുക്ക് ചെയ്താൽ തൊഴിലാളികളെത്തി ശുചിമുറി മാലിന്യം നീക്കം ചെയ്യും.
ആറുമാസത്തിനിടെ നീക്കിയത് 500 ലോഡ് ശുചിമുറി മാലിന്യം
2024 ജൂൺ 10 നാണ് ശുചിമുറി മാലിന്യസംസ്‌കരണത്തിനായി അഴക് ആപ്പ് പദ്ധതിയ്ക്ക് കോർപ്പറേഷൻ തുടക്കമിട്ടത്. ഇതുവരെ 500 ലോഡ് മാലിന്യം ഇതുവഴി നീക്കം ചെയ്തു. നഗര പരിധിയിലെ വീടുകൾ, ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മാലിന്യമാണ് ഇതുവഴി നീക്കം ചെയ്യുന്നത്. ദിനംപ്രതി 10 മുതൽ 12 ലോഡ് മാലിന്യമാണ് മെഡിക്കൽ കോളേജിലെ മാലിന്യസംസ്‌കരണ പ്ലാന്റിലെത്തിച്ച് വെള്ളവും വളവുമാക്കി മാറ്റുന്നത്. 2.1 എം.എൽ.ഡി യാണ് മെഡിക്കൽ കോളേജിലെ മാലിന്യ പ്ലാന്റിന്റെ സംഭരണശേഷി. ഇതിൽ 0.1 എം.എൽ.ഡി കോർപ്പറേഷൻ പരിധിയിലെ മാലിന്യസംസ്‌കരണത്തിനായി അനുവദിച്ചിട്ടുള്ളതാണ്.
ദിനംപ്രതി 20 ലോഡ് മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യം പ്ലാന്റിലുണ്ട്. മാലിന്യം ശേഖരിക്കാൻ ജി.പി.എസ് സംവിധാനത്തോടുകൂടിയ 10 ടാങ്കർ ലോറികളും തയ്യാറാക്കിയിട്ടുണ്ട്. ഒരു ലോഡ് മാലിന്യത്തിന് (6000 ലിറ്റർ) 4750 രൂപയാണ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഈടാക്കുന്നത്. ഓൺലൈനായി രജിസ്റ്റർ ചെയ്താൽ രണ്ടുദിവസത്തിനകം തൊഴിലാളികളെത്തി മാലിന്യം നീക്കം ചെയ്യും.
തടയാനായത് വൻ കൊള്ള
ഒരു ലോഡിന് 7,500 രൂപയോളമാണ് സ്വകാര്യ വ്യക്തികളും സ്വകാര്യ കരാറുകാരും സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാനായി ഈടാക്കിയിരുന്നത്. ശേഖരിച്ച മാലിന്യം ജനവാസ മേഖലകളിലും പുഴയരികിലും മറ്റും കളയുകയായിരുന്നു പതിവ്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക നിയമ പ്രശ്നങ്ങളും ആളുകൾക്ക് തലവേദനയായിരുന്നു.
'നഗരത്തെ പൂർണമായും മാലിന്യമുക്തമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് 'അഴക് ആപ്പ് ' ആരംഭിച്ചത്.
കുറഞ്ഞ ചെലവിൽ പദ്ധതി നടപ്പാക്കുന്നതിനാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. കൂടുതൽ ആളുകൾ
പദ്ധതി പ്രയോജനപ്പെടുത്തണം. എസ്. ജയശ്രീ ( ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കോഴിക്കോട് കോർപ്പറേഷൻ )'മാലിന്യനീക്കത്തിന് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുകയും സ്വകാര്യ കരാറുകാരേക്കാൾ കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കുകയും ചെയ്തതോടെ കൂടുതൽ പേർ പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട് '-ബൈജു, ഹെൽത്ത് ഇൻസ്‌പെക്ടർ.