
സ്‌പാം എസ്‌എംഎസുകളും ഇമെയിലും വഴിയുള്ള തട്ടിപ്പുകൾ അകറ്റുന്നതിന് ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പ്രഖ്യാപിച്ച പുതിയ മാർഗനിർദ്ദേശങ്ങൾ ഡിസംബർ ഒന്നുമുതൽ നടപ്പാക്കാൻ ടെലികോം കമ്പനികളെ അറിയിച്ചിട്ടുണ്ട്. കൊമേഴ്‌സ്യൽ മെസേജുകളും ഒടിപികളും വഴി തട്ടിപ്പ് നടത്തുന്നത് കണ്ടെത്താനാണ് ജിയോ,എയർടെൽ, ബിഎസ്‌എൻഎൽ,വി തുടങ്ങിയ കമ്പനികൾക്ക് ഓഗസ്‌റ്റ് മാസത്തിൽ ട്രായ് നിർദ്ദേശം കൊടുത്തത്. എന്നാൽ ഇത് നടപ്പാക്കിയാൽ ഓൺലൈൻ ഡെലിവറിയിൽ അടക്കം ഒടിപി ലഭിക്കുന്നതിന് താമസം നേരിട്ടേക്കും എന്നാണ് വിവരം.
എന്നാൽ ഇത്തരത്തിൽ താമസമൊന്നും ഉണ്ടാകില്ലെന്നാണ് ട്രായ് വ്യക്തമാക്കുന്നത്. മെസേജിംഗ് സംവിധാനങ്ങൾ വഴി ഉപഭോക്താക്കളെ കബളിപ്പിക്കാനും അവർക്ക് സാമ്പത്തിക നഷ്‌ടമടക്കം ഉണ്ടാക്കുന്നതുമായ പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് ട്രായ് ഓഗസ്‌റ്റ് മാസത്തിൽ പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് സാധാരണ ഇത്തരം സന്ദേശങ്ങൾ ഉണ്ടാകാറ്.
ഒക്‌ടോബർ 31നായിരുന്നു ആദ്യം ഈ നിബന്ധന നടപ്പാക്കാൻ സമയം നൽകിയിരുന്നത്. എന്നാൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്നുമുള്ള സന്ദേശങ്ങൾ തടയേണ്ടി വരുമെന്ന് ടെലികോം കമ്പനികൾ മുന്നറിയിപ്പ് നൽകിയതോടെ നവംബർ ഒന്ന് എന്നത് 30 വരെ നീട്ടി. ഇതോടെയാണ് ഡിസംബർ ഒന്നുമുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.
ടെലികോം കമ്പനികൾ കൂടുതൽ സമയം ഇതിനായി ആവശ്യപ്പെട്ടിരുന്നു. വിവിധ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഇത് സാങ്കേതികമായി നടപ്പിലാക്കാൻ കാലതാമസം ഉണ്ടെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.