mammotty

സൂപ്പർഹിറ്റ് കൂട്ടുകെട്ടായ മമ്മൂട്ടിയും അജയ് വാസുദേവും ഉദയകൃഷ‌്ണയും വീണ്ടും ഒരുമിക്കുന്നു. മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌‌വിൽ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മാണം. അബ്രഹാമിന്റെ സന്തതികൾ, കസബ, ക്യാപ്ടൻ, ഷൈലോക്ക്, കിഷ്‌കിന്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് ജോബി ജോർജ്. മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണ്. അജയ് വാസുദേവ് സംവിധായകനായി അരങ്ങേറ്റം കുറിച്ച രാജാധിരാജ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് ആരംഭിക്കുന്നത്. രാജാധിരാജ, മാസ്‌റ്റർപീസ്, ഷൈലോക് എന്നീ ചിത്രങ്ങൾ പോലെ മാസ് എന്റർടെയ്റുമായാണ് മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒരുക്കുന്നത്. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. ജോബി ജോർജ് നിർമ്മിച്ച അബ്രഹാമിന്റെ സന്തതികൾ, കസബ, ഷൈലോക്ക് എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയായിരുന്നു നായകൻ.ജയസൂര്യ നായകനായി ജോബി ജോർജ് നിർമ്മിച്ച ക്യാപ്ടൻ സിനിമയിൽ മമ്മൂട്ടി അതിഥി വേഷത്തിലും എത്തിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം അജയ് വാസുദേവിന്റെ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് മമ്മൂട്ടി - മോഹൻലാൽ - കുഞ്ചാക്കോ ബോബൻ - ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹേഷ് നാരായണൻ ചിത്രം.