
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടത്താണ് ഹോട്ടൽ ജീവനക്കാരനെ ഗുണ്ടാസംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ചത്. നിരവധി കേസുകളിലെ പ്രതികളും കഴക്കൂട്ടം ശിവനഗർ എസ്.എൽ ഭവനിൽ വിജീഷ് (സാത്തി),സഹോദരൻ വിനീഷ് (കിട്ടു) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെയാണ് (23) ഇവർ ആക്രമിച്ചത്. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ തൗഫീക്ക് റഹ്മാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11.30ടെയാണ് സംഭവം. ഒരാഴ്‌ചയ്‌ക്ക് മുമ്പ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെങ്കിലും പണം നൽകിയിരുന്നില്ല. ബുധനാഴ്ച രാത്രിയോടെ സഹോദരൻ വിജീഷുമായി ഹോട്ടലിലെത്തി തൗഫീക്കിനെ അസഭ്യം പറഞ്ഞു. തുടർന്ന് ആക്രോശത്തോടെ വെട്ടുകത്തിയും വടിവാളും കൊണ്ട് തൗഫീക്കിന്റെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൈയ്‌ക്ക് പരിക്കേറ്റത്.
ഇതോടെ ഭയന്ന തൗഫീക്ക് പേടിച്ച് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ഗുണ്ടാസംഘം കടയിലുണ്ടായിരുന്ന ഫർണിച്ചർ സാധനങ്ങൾ അടിച്ചുതകർത്തു. തുടർന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണവുമെടുത്ത് വിജീഷും വിനീഷും സ്ഥലംവിട്ടെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. തൗഫീക്ക് ഓടിയെത്തിയത് പൊലീസ് സ്റ്റേഷനിലാണ്. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കഴക്കൂട്ടം പൊലീസ് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലുമെത്തിച്ചു.
കഴക്കൂട്ടം എ.സി.പി നിയാസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സി.ഐ ശ്രീകുമാർ,എസ്.ഐമാരായ രജ്ഞിത്ത്,അനന്തകൃഷ്ണൻ,ഹാഷിം, സീനിയർ പൊലീസ് ഓഫീസർമാരായ അതുൽ,അൻവർഷാ,ഹാഷിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്രുചെയ്‌ത പ്രതികളെ റിമാൻഡ് ചെയ്‌തു.