
നസ്രിയ നസിം അരങ്ങേറ്റം കുറിക്കുന്ന വെബ് സീരീസ് മദ്രാസ് മിസ്റ്ററി സോണി ലിവ് ഉടൻ സ്ട്രീം ചെയ്യും. ശന്തനു ഭാഗ്യരാജ് നായകനായി എത്തുന്ന സീരീസ് സംവിധാനം ചെയ്യുന്നത് നവാഗതനായ സൂര്യപ്രതാപ് ആണ്. ദൈവ തിരുമകൾ, മദ്രാസ് പട്ടണം, തലൈവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ എം.എൽ.വിജയ് ആണ് നിർമ്മാണം. അഭിഭാഷകയുടെ വേഷമാണ് നസ്രിയ അവതരിപ്പിക്കുന്നത്. നടരാജ് സുബ്രഹ്മണ്യം ആണ് മറ്റൊരു പ്രധാന താരം. ഫിലിം ജേർണലിസ്റ്റായ സി.എൽ. ലക്ഷ്മി നാഥൻ കൊല്ലപ്പെട്ടതിനെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരീസ് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് . പൊലീസ് ഓഫീസറുടെ വേഷമാണ് നടരാജ് സുബ്രഹ്മണ്യത്തിന്. 2022-ൽ ആണ് സോണി ലിവ് സീരീസ് പ്രഖാപിച്ചത്. തമിഴിൽ ഒരുങ്ങുന്ന സീരിസ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലും ലഭ്യമാകും. പ്രമാദമായ കേസിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വെബ് സീരിസാണ് മദ്രാസ് മിസ്റ്ററി. അതേസമയം നസ്രിയയും ബേസിൽ ജോസഫും ആദ്യമായി ഒരുമിക്കുന്ന സൂക്ഷ്മദർശിനി വൻ വിജയത്തിലേക്ക് കുതിക്കുന്നു. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം എംസി സംവിധാനം ചെയ്യുന്നു. ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, അഖില ഭാർഗവൻ, മെറിൻ ഫിലിപ്പ്, പൂജ മോഹൻരാജ്, മനോഹരി ജോയ്, കോട്ടയം രമേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മാനുവൽ എന്ന കഥാപാത്രത്തെ ബേസിൽ ജോസഫും പ്രിയദർശിനി എന്ന കഥാപാത്രത്തെ നസ്രിയയും അവതരിപ്പിക്കുന്നു.