
ചെന്നൈ: പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശ ലംഘനമുണ്ടായിട്ടില്ല. ദൃശ്യങ്ങൾ സിനിമയുടെ മേക്കിംഗ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും അഭിഭാഷകൻ പറയുന്നു.
നയൻതാര; ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയിൽ ' നാനും റൗഡി താൻ' എന്ന സിനിമയുടെ ചിത്രീകരണവീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എതിരേ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനി വണ്ടർബാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ഡോക്യുമെന്ററിക്കായി ചിത്രത്തിലെ രംഗങ്ങൾ ഉപയോഗിക്കാൻ നിർമ്മാതാവായ ധനുഷിൽനിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് ചിത്രത്തിലെ പാട്ടിന്റെ കുറച്ചുഭാഗവും ചിത്രീകരണവീഡിയോയും ഉപയോഗിച്ചു. ഇതേത്തുടർന്ന് ധനുഷ് 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
മൂന്ന് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഉപയോഗിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടതിൽ നയൻതാര ധനുഷിനെതിരെ തുറന്ന കത്ത് പുറത്തുവിട്ടത് വൻ വിവാദമായിരുന്നു.