auction

ലണ്ടന്‍: കാലം കഴിയുംതോറും ചില സാധനങ്ങള്‍ക്ക് മൂല്യമേറും. ഏത് മേഖലയിലാണെങ്കിലും അത് ഒരു മാസ്റ്റര്‍പീസ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്തരത്തിലൊരു സംഭവമാണ് മാന്ത്രിക നോവലായ ഹാരി പോട്ടറിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ജെ.കെ റൗളിംഗിന്റെ ഏഴ് പുസ്തകങ്ങള്‍ അടങ്ങിയ ഈ നോവല്‍ ആഗോളതലത്തില്‍ പ്രായഭേദമന്യേ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. 'ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണി'ന്റെ ആദ്യ പതിപ്പുകളില്‍ ഒന്ന് 36,000 പൗണ്ടിന് ലേലത്തില്‍ വിറ്റിരിക്കുകയാണ്. ഏകദേശം 38 ലക്ഷത്തിലധികം രൂപ വരും ഇത്.

1997 -ല്‍ വെറും 10 പൗണ്ടിന് വാങ്ങിയ പുസ്തകമാണ് ഇപ്പോള്‍ 38 ലക്ഷത്തിന് വിറ്റിരിക്കുന്നത്. സ്റ്റാഫോര്‍ഡ്‌ഷെയറിലെ ലിച്ച്ഫീല്‍ഡിലാണ് ലേലം നടന്നത്. ഇംഗ്ലീഷ് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യം അച്ചടിച്ച 500 കോപ്പികളില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റ് പോയിരിക്കുന്നത്. കാലപ്പഴക്കത്തിന്റെ മേന്മകൊണ്ടാണ് പുസ്തകത്തിന് ലേലത്തില്‍ ഇത്രയധികം തുക ലഭിച്ചത്.

സ്ട്രാറ്റ്‌ഫോര്‍ഡ് അവോണില്‍ നിന്ന് ക്രിസ്റ്റീന്‍ മക്കല്ലോക്കാണ് അന്ന് പുസ്തകം വാങ്ങിയത്. മകന്‍ ആദമിന് വേണ്ടിയായിരുന്നു വാങ്ങിയത്. വര്‍ഷങ്ങളായി ചെസ്റ്റര്‍ഫീല്‍ഡിലെ അവരുടെ കുടുംബവീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പുസ്തകത്തിന്റെ ഭാവിമൂല്യം അക്കാലത്ത് ക്രിസ്റ്റീനോ ആദമോ തിരിച്ചറിഞ്ഞിരുന്നില്ല. ലോക്ഡൗണ്‍ കാലത്ത് ഈ പുസ്തകത്തിന്റെ ആദ്യകാല പതിപ്പുകളുടെ ലേലത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴാണ് ക്രിസ്റ്റീന്‍ തന്റെ വീട്ടിലിരിക്കുന്ന അമൂല്യ നിധിയെ കുറിച്ച് ഓര്‍മ്മിച്ചത്. 1997 ജൂണ്‍ 30 -നാണ് ബ്ലൂംസ്‌ബെറി പ്രസിദ്ധീകരിച്ച ഈ പുസ്തകം ലണ്ടനില്‍ പ്രകാശനം ചെയ്തത്.