d

ഷിമോഗ : അണ്ടർ15 ദേശീയ വനിതാ ക്രിക്ക​റ്റ് ടൂർണമെന്റിൽ ഹൈദരാബാദിനെ 6വിക്കറ്റിന് കീഴടക്കി കേരളം. 35 ഓവർ വീതമുള്ള മത്സരത്തിൽ ആദ്യം ബാ​റ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്ക​റ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. മറുപടി ബാ​റ്റിംഗിന് ഇറങ്ങിയ കേരളം രണ്ട് ഓവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

മികച്ച ബൗളിംഗിലൂടെ ഹൈദരാബാദ് ബാ​റ്റിംഗ് നിരയെ കേരള ബൗളർമാർ പിടിച്ചു കെട്ടി. മുൻനിര ബാ​റ്റർമാരിൽ ആർക്കും തിളങ്ങാനായില്ല. 19 റൺസെടുത്ത ആശ്രിതയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. കേരളത്തിന് വേണ്ടി അരിത രണ്ടും ദേവനന്ദ, ലക്ഷ്മീദേവി, ആര്യനന്ദ, അഥീന എന്നിവർ ഓരോ വിക്ക​റ്റ് വീതവും വീഴ്ത്തി.
മറുപടി ബാ​റ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. വൈഗ അഖലേഷും (30), രുദ്റ വിപിനും (35) ചേർന്ന് ഒന്നാം വിക്കറ്റിൽ 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ നാല് വിക്ക​റ്റുകൾ വീണത് കേരള ക്യാമ്പിൽ ആശങ്കയുണർത്തി. എന്നാൽ അഞ്ചാം വിക്ക​റ്റിൽ ഒത്തു ചേർന്ന ലക്ഷിത ജയനും (31), റെയ്‌ന റോസും (15) ചേർന്ന് പുറത്താകാതെ കേരളത്തെ വിജയത്തിലെത്തിച്ചു.