
തിരുവനന്തപുരം : മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സസ്പെൻഷനിലായ വ്യവസായ വകുപ്പ് മുൻ ഡയറക്ടർ കെ. ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി. സംസ്ഥാനത്തെ ഐ.എ.എസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യം സൃഷ്ടിക്കാൻ ശ്രമിച്ചു, ഓഫീസർമാർക്കിടയിലെ ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു, തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് മെമ്മോയിൽ ആരോപിക്കുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് മെമ്മോ നൽകിയത്. മെമ്മോയ്ക്ക് 30 ദിവസത്തിനുള്ളിൽ കെ. ഗോപാലകൃഷ്ണൻ മറുപടി നൽകണം.
കെ. ഗോപാലകൃഷ്ണന്റെ പ്രവൃത്തി ആൾ ഇന്ത്യാ സർവീസ് റൂൾസിലെ പെരുമാറ്റച്ചട്ടത്തിന്റെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്ന് മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു. ഫോൺ ഹാക്ക് ചെയ്ത് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ല. മല്ലുഹിന്ദു ഓഫീസേഴ്‌സ്- മല്ലു മുസ്ലിം ഓഫീസേഴ്‌സ് ഗ്രൂപ്പുകൾ ഉണ്ടാക്കി. ഫോറൻസിക് പരിശോധനയ്ക്ക് മുൻപ് പലതവണ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും മെമ്മോയിൽ ആരോപിച്ചു. 30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകും.