
ചെന്നൈ: വിവാഹമോചന വാർത്ത പുറത്തുവിട്ട വിവാദം നിലനിൽക്കെ സംഗീതജ്ഞൻ എ.ആർ റഹ്മാനും ഭാര്യ സൈറ ബാനുവും ഒന്നിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് സൈറയുടെ അഭിഭാഷക. അനുരഞ്ജനത്തിന് ഇനിയും സാദ്ധ്യതയുണ്ടെന്ന് ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
'. റഹ്മാനും സൈറയും തമ്മിൽ അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ശുഭാപ്തിവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. നീണ്ടകാലത്തെ ദാമ്പത്യമാണ് അവരുടേത്. ഒരുപാട് ആലോചിച്ചാണ് തീരുമാനത്തിലെത്തിയത്. അവരുടെ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ, അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല"- വന്ദനാ ഷാ പറഞ്ഞു.
റഹ്മാൻ വിശ്വാസവഞ്ചന കാണിച്ചതു കൊണ്ടാണെന്നതുൾപ്പെടെയുള്ള പ്രചാരണങ്ങൾ അസംബന്ധമാണ്. സൈറ പണത്തോട് ആർത്തിയുള്ളയാളല്ല. കുട്ടികൾ ആർക്കൊപ്പം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ആരുടെയൊപ്പം നിൽക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും വന്ദന വ്യക്തമാക്കി. റഹ്മാനും സൈറയും 29 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന വിവരം വന്ദനാ ഷായാണ് പുറത്തുവിട്ടത്.
1995ലായിരുന്നു റഹ്മാൻ സൈറാ ബാനു വിവാഹം. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കൾ. ദാമ്പത്യം 30 വർഷം പൂർത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും അത് സാധിച്ചില്ലെന്നും വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് റഹ്മാൻ പറഞ്ഞിരുന്നു. വിവാദമായതോടെ റഹ്മാൻ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തുന്ന പ്രചാരണങ്ങൾ നിറുത്തണമെന്നും അറിയിച്ച് സൈറയും രംഗത്തെത്തിയിരുന്നു.