s

ലോക ചെസ് ചാമ്പ്യൻഷിപ്പ്: നാലാം ഗെയിം സമനില

ഡി.ഗുകേഷ് -2, ഡിംഗ‌് ലിറൻ -2

വേൾഡ് സെന്റോസ (സിങ്കപ്പൂർ): ലോക ചെസ് ചാമ്പ്യൻഷിപ്പിലെ നാലാം ഗെയിമിൽ ഇന്ത്യൻ സെൻസേഷൻ ഡി ഗുകേഷും നിലവിലെ ലോക ചാമ്പ്യൻ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറനും സമനിലയിൽ പരിഞ്ഞു.42 നീക്കങ്ങൾക്കൊടുവിലാണ് ഗുകേഷും ലിറനും സമനിലയ്ക്ക് കൈകൊടുത്തത്. ഇതോടെ ഇരുവർക്കും 2 പോയിന്റ് വീതമായി. അഞ്ചാം ഗെയിം ഇന്ന് നടക്കും. നിർണായകമായ അഞ്ചാം ഗെയിമിൽ ഗുകേഷ് വെള്ളക്കരുക്കളുമായാണ് മത്സരിക്കുന്നത്.

ഇന്നലെ വെള്ളക്കരുക്കളുമായി മത്സരത്തിലെ ആദ്യ നീക്കം നടത്തി തുടങ്ങിയ ലിറനെ മികച്ച മറുനീക്കങ്ങളുമായി ഗുകേഷ് പ്രതിസന്ധിയിലാക്കിയിരുന്നു.

മൂന്നാം ഗെയിമിൽ 37-ാം നീക്കത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗുകേഷ് നാലാമങ്കത്തിനെത്തിയത്. ആദ്യഗെയിം സമനിലയായപ്പോൾ രണ്ടാം ഗെയിമിൽ ലിറൻ ജയിച്ചിരുന്നു.

ലൈവ്

ചെസ് 24 ഇന്ത്യ, ചെസ് ബേസ് ഇന്ത്യ യൂട്യൂബ് ചാനലുകളിൽ ഉച്ചയ്ക്ക് 2.30 മുതൽ

നേട്ടം ഗുകേഷിന് തന്നെ

ഡി.ഗുകേഷും ഡിംഗ് ലിറനും തമ്മിലുള്ള നാലാമങ്കം സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. കറുത്ത കരുക്കളിൽ സമനില നേടാനായത് ഗുകേഷിന് നേട്ടമാണ്. ഇന്ന് അഞ്ചാം ഗെയിമിൽ വെള്ളക്കരുക്കളുമായി മത്സരിക്കാനിറങ്ങുന്ന ഗുകേഷിന്റെ ആത്‌മവിശ്വാസം വർദ്ധിപ്പിക്കുന്ന ഫലം തന്നെയാണിത്.

വെള്ളക്കരുവുമായി കളിച്ച ലിറൻ പോണുകൾക്ക് പകരം കുതിരയെ പുറത്തിറക്കിയുള്ള അസാധാരണ നീക്കമാണ് നടത്തിയത്.ചെസ് ഓപ്പണിംഗുകളിൽ റെറ്റി (reti) ഓപ്പണിംഗിൽ സുകെർടോർട്ട് (zukertort) വേരിയേഷനിലാണ് കളി പുരോഗമിച്ചത്. ഇരുവരും കിംഗിനെ കാസ്‌ലിംഗ് നടത്തി. ലിറന്റെ അ‌ഞ്ചാം നീക്കം 'ബിഷപ്പ് എ ത്രി' കൗതുകമുണർത്തി.ഇതിലൂടെ ഏഴാം നീക്കത്തിൽ ഗുകേഷിനെതിരെ ലിറൻ ആധിപത്യം നേടി. ഇരുവരും ശാന്തമായാണ് മത്സരം മുന്നോട്ട് കൊണ്ടു പോയത്. എൻഡ് ഗെയിമിൽ ഗുകേഷിന് ക്യൂൻ സൈഡിൽ ഒരു പാസ്റ്റ് പോൺ ഉണ്ടായിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഇരുവരും 90 ശതമാനം ആക്യുറസിയിലാണ് കളിച്ചത്. 39-ാം നീക്കത്തിന് ശേഷം ത്രീ ഫോൾഡ് റെപ്പറ്റീഷൻ (മൂന്ന് കരുനില ഒരുപോലെ) നടത്തി കളി സമനിലയിലേക്ക് കൊണ്ടു വന്നു.