
കൊച്ചി: സംസ്ഥാനത്ത് നാഷണൽ പെൻഷൻ സിസ്‌റ്റത്തിൽ(എൻ.പി.എസ്) വരിക്കാരുടെ എണ്ണം ഗണ്യമായി കൂടുന്നു. സ്വകാര്യ മേഖലയിലെ എൻ.പി.എസിന്റെ ദേശീയ തലത്തിലെ മൊത്തം വരിക്കാരിൽ 3.8 ശതമാനം കേരളത്തിലാണെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി(പി.എഫ്.ആർ.ഡി.എ) ചെയർമാൻ ദീപക് മൊഹന്തി പറഞ്ഞു. കേരളത്തിൽ എൻ.പി.എസിന് സ്വീകാര്യതയേറുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും കൊച്ചിയിൽ സംഘടിപ്പിച്ച കോർപ്പറേറ്റ് ബോധവൽക്കരണ പരിപാടിക്ക് ശേഷം ദീപക് മൊഹന്തി പറഞ്ഞു.
കേരളത്തിലെ 216 കോർപ്പറേറ്റുകളാണ് എൻ.പി.എസിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളത്. മുപ്പത് വയസിൽ താഴെയുള്ളവരുടെ പങ്കാളിത്തം ദേശീയ ശരാശരിയിലും മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
നടപ്പുവർഷം ലക്ഷ്യം 12 ലക്ഷം ഉപഭോക്താക്കൾ
നടപ്പു സാമ്പത്തിക വർഷം 12 ലക്ഷം എൻ.പി.എസ് ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് ദീപക് മൊഹന്തി പറഞ്ഞു. മാർച്ച് അവസാനത്താേടെ എൻ.പി.എസ് കോർപ്പസ് ഫണ്ട് 15 ലക്ഷം കോടി രൂപയായി ഉയരും. ഈയിടെ കുട്ടികൾക്കായി അവതരിപ്പിച്ച എൻ.പി.എസ് വാൽസല്യ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദേശ മലയാളികൾക്കും അസംഘടിത മേഖലയിലുള്ളവർക്കും എൻ.പി.എസിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനാകും.