
കോഴിക്കോട്: മാദ്ധ്യമങ്ങൾ തിരുത്തൽ ശക്തികളാവണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. കേരളകൗമുദി ദിനപത്രത്തിന്റെ 113ാം വാർഷികവും കൗമുദി ടിവിയുടെ 11ാം വാർഷികവും കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർത്തകൾ ബ്രേക്ക് ചെയ്യുമ്പോൾ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളും അതിലുണ്ടെന്ന് മറക്കരുത്. ആരോഗ്യകരമായ വിമർശനങ്ങൾ അനിവാര്യമാണ്. അതേ സമയം വിമർശനങ്ങൾ വിനാശകരമാവരുതെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ, രജീഷ്.കെ.വി (കൗമുദി ടി.വി.ഹെഡ് നോർത്ത് റീജിയൻ) എന്നിവർ പ്രസംഗിച്ചു. അജിത്ത് പാലട്ട് (ഫൗണ്ടർ ആൻഡ് മാനേജിംഗ് ഡയറക്ടർ യു.ജി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ.കെ.കെ.ഗോപിനാഥൻ (ചെയർമാൻ, എടപ്പാൾ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ്), എം.പി.രമേഷ് (മാനേജിംഗ് ഡയറക്ടർ കൊച്ചിൻ ബേക്കേഴ്‌സ് കാലിക്കറ്റ്), രാകേഷ് രവീന്ദ്രൻ (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, സ്പർശ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്) എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പ്രശസ്ത പ്ലേബാക്ക് സിംഗർ സുനിൽകുമാറും സംഘവും അവതരിപ്പിച്ച മെഹ്ഫിലും അരങ്ങേറി.