pic

ടെൽ അവീവ്: തെക്കൻ ലെബനനിലെ 60 ഗ്രാമങ്ങളിലേക്ക് പ്രദേശവാസികൾ ഇപ്പോൾ മടങ്ങിയെത്തരുതെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം. ബുധനാഴ്ച ഇസ്രയേൽ - ഹിസ്ബുള്ള വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ തെക്കൻ ലെബനനിലേക്ക് പ്രദേശവാസികൾ കൂട്ടത്തോടെ മടങ്ങിയെത്താൻ തുടങ്ങിയിരുന്നു.

എന്നാൽ, ഹിസ്ബുള്ള അംഗങ്ങൾ ഇതിനിടെ നുഴഞ്ഞുകയറിയെന്നും വെടിനിറുത്തൽ കരാർ ലംഘിച്ചെന്നും ഇസ്രയേൽ ആരോപിക്കുന്നു. വ്യാഴാഴ്ച നുഴഞ്ഞുകയറ്റക്കാർക്ക് നേരെ ഇസ്രയേലി ടാങ്കുകൾ പ്രത്യാക്രമണവും നടത്തിയിരുന്നു. ഹിസ്ബുള്ള വൻതോതിൽ വെടിനിറുത്തൽ ലംഘിച്ചാൽ ശക്തമായ തിരിച്ചടി നൽകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകി.

നിലവിൽ തെക്കൻ ലെബനനിലുള്ള ഇസ്രയേൽ സൈനികർ 60 ദിവസത്തിനിടെ ഘട്ടംഘട്ടമായി പിൻവാങ്ങുമെന്നാണ് കരാർ. അതേ സമയം, ഗാസയിൽ ഇന്നലെ ഇസ്രയേൽ ആക്രമണങ്ങളിൽ 33 പേർ കൊല്ലപ്പെട്ടു. ആകെ മരണം 44,360 കടന്നു.