
ശബരിമല: തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, കോട്ടയം, കുമളി എന്നിവിടങ്ങളിൽ നിന്ന് പമ്പയിലേക്കും അവിടെ നിന്ന് തീർത്ഥാടകർ ആവശ്യപ്പെടുന്ന സ്ഥലത്തേക്കും കെ.എസ്.ആർ.ടി.സി ചാർട്ടേഡ് സർവീസുകൾ ആരംഭിച്ചു. കുറഞ്ഞത് 40 തീർത്ഥാടകരെങ്കിലും ഉണ്ടാകണം.
ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജംഗ്ഷനില്‍ നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം,എരുമേലി ,പത്തനംതിട്ട , കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകളുണ്ട് .
ത്രിവേണിയിൽ നിന്ന് തീർത്ഥാടകരെ പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മൂന്ന് ബസുകളാണ് സൗജന്യ സർവീസ് നടത്തുന്നത്. തീർത്ഥാടകർക്കായുള്ള . കൺട്രോൾ റൂം നമ്പർ 9446592999, നിലയ്ക്കൽ 9188526703, ത്രിവേണി 9497024092, പമ്പ 9447577119.
ശബരിമല: 12 ദിവസ
വരവ് 63.01 കോടി
ശബരിമല: മണ്ഡല തീർത്ഥാടനം തുടങ്ങി ആദ്യ 12 ദിവസത്തെ നടവരവ് 63.01 കോടി രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 15.89 കോടിയുടെ വർദ്ധന. അപ്പം വില്പനവഴി 3.53 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 39 ലക്ഷം കൂടുതൽ. അരവണ വില്പനയിലൂടെ 28.93 കോടി രൂപയാണ് ലഭിച്ചത്. 9.53 കോടി കൂടുതൽ.
തിരക്ക് വർദ്ധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായതാണ് നേട്ടത്തിന് കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പമ്പാനദിയിലെ തുണി ഉപേക്ഷിക്കൽ, മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ തുടങ്ങിയവ ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഭക്തർക്കിടയിൽ ബോധവത്കരണം നടത്തും. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കും.
സ്പോട്ട് ബുക്കിംഗ്
പരമാവധി
അനുവദിക്കും
ശബരിമല: വെർച്വൽ ക്യു വിജയകരമാണെന്നും സ്പോട്ട് ബുക്കിംഗ് വഴി പരമാവധി ഭക്തർക്ക് ദർശനം നൽകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പോട്ട് ബുക്കിംഗിന് പമ്പയിൽ മാത്രം എട്ട് കൗണ്ടറുകളുണ്ട്. ഇതിന് ആധാർ കാർഡ് കരുതണം. ഇതുവരെ പത്തുലക്ഷം തീർത്ഥാടകർ ദർശനം നടത്തി. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട വ്യാഴാഴ്ച 87,999 പേരെത്തി. ആചാരങ്ങൾ സംബന്ധിച്ച പ്രചാരണത്തിന്റെ ഭാഗമായി ആഗോള അയ്യപ്പസംഗമം ഡിസംബർ അവസാനവാരം നടത്തും. ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജാതീയ അധിക്ഷേപമായി
കാണാനാകില്ല
കൊച്ചി: ജാതീയ അധിക്ഷേപമാകുമ്പോൾ മാത്രമേ പട്ടികജാതിവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കൂവെന്ന് ഹൈക്കോടതി. എം.ജി സർവകലാശാലയിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടർ ഡോ.നന്ദകുമാറിനെതിരെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗവേഷണ വിദ്യാർത്ഥി നൽകിയ കേസിലെ തുടർനടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ഗവേഷണത്തോടനുബന്ധിച്ചുള്ള സെമിനാറിൽ അവതരിപ്പിച്ചത് മോഷ്ടിച്ച ഭാഗങ്ങളാണെന്ന് പരസ്യമായി അദ്ധ്യാപകൻ പരിഹസിച്ചത് ജാതീയ അധിക്ഷേപമാണെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. വിദ്യാർത്ഥിയും സിൻഡിക്കേറ്റ് അംഗവും ഇതുസംബന്ധിച്ച് മൊഴി നൽകിയിരുന്നു.
അദ്ധ്യാപകന്റെ പരാമർശം ജാതീയ അധിക്ഷേപമായി കാണാനാവില്ലെന്ന് കോടതി വിലയിരുത്തി. വിദ്യാർത്ഥിക്കെതിരെ അദ്ധ്യാപകൻ ജാതീയ അധിക്ഷേപം നടത്തിയതായി പ്രോ വൈസ് ചാൻസലർ പറഞ്ഞെന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ മൊഴി കണക്കിലെടുക്കാനാവില്ലെന്നും വ്യക്തമാക്കി.