
ലണ്ടൻ : ഇംഗ്ലണ്ടിലും വെയ്‌ൽസിലും ദയാവധം നിയമ വിധേയമാക്കാനുള്ള ബില്ലിന് അംഗീകാരം നൽകി ബ്രിട്ടീഷ് എം.പിമാർ. ഇന്നലെ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 330 എം.പിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 275 പേർ എതിർത്തു. അഞ്ച് മണിക്കൂർ നീണ്ട സംവാദത്തിന് ശേഷമായിരുന്നു വോട്ട്.
അതേ സമയം, ബില്ല് നിയമമാകാൻ ഇനിയും ഏറെ നാൾ കഴിയും. മാസങ്ങൾ നീണ്ട പാർലമെന്ററി പരിശോധനയ്ക്കും ഭേദഗതികൾക്കും അംഗീകാരത്തിനും ശേഷമേ നിയമം നിലവിൽ വരൂ. ആറ് മാസത്തോളം മാത്രം ജീവിക്കാൻ സാദ്ധ്യതയുള്ള മാരക രോഗങ്ങൾ ബാധിച്ച മുതിർന്നവർക്ക് വൈദ്യ സഹായത്തോടെ ദയാവധം അനുവദിക്കുന്നതാണ് ബില്ല്.