
ശിവഗിരി: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക മതപാർലമെന്റിന് ഒരുങ്ങി വത്തിക്കാൻ. 29, 30, ഡിസംബർ ഒന്ന് തീയതികളിലാണ് ലോക മതപാർലമെന്റ് നടക്കുന്നത്. ഇന്ന് വൈകീട്ട് ഏഴുമണിക്ക് സ്നേഹ സംഗമത്തോടെ പരിപാടിക്ക് തുടക്കമാകും. മഹാസമ്മേളനത്തിൽ 30ന് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോക മതപാർലമെന്റ് സംഘടിപ്പിക്കുന്നത്. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലോക മതപാർലമെന്റിന്റെ മുഖ്യലക്ഷ്യം. വിവിധ രാജ്യങ്ങളിൽനിന്നുള്ള 100 പ്രതിനിധികളും ഇന്ത്യയിൽ നിന്നടക്കമുള്ള ജനപ്രതിനിധികളും സന്യാസിമാരും പങ്കെടുക്കും.
സച്ചിദാനന്ദ സ്വാമി, മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, സ്വാമിനി ആര്യനന്ദാദേവി എന്നിവരാണ് ശിവഗിരി മഠത്തെ പ്രധിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ ‘സര്‍വ്വമതസമ്മേളനം’ എന്ന ഗ്രന്ഥത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ, ‘ഗുരുവും ലോകസമാധാനവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ എന്നിവ പ്രകാശനം ചെയ്യും.