
തിരുവനന്തപുര : പ്രമുഖ അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കോൺ 2024 നോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാപ്ച്ചർ ദ ഫ്ലാഗ് (സി ടി എഫ്) മത്സരത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യുടെ കേരള കേന്ദ്രങ്ങളിൽ നിന്നുള്ള ടെക്‌നോളജി പ്രൊഫഷനലുകൾ വിജയം കൈവരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ദ ലീല ഹോട്ടലിൽ നടന്ന മത്സരങ്ങൾ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ഇസ്ര) ആണ് സംഘടിപ്പിച്ചത്. ഇൻഫർമേഷൻ സുരക്ഷ, സ്വകാര്യത തുടങ്ങിയവയെപ്പറ്റിയുള്ള വിദ്യാഭ്യാസം, പുത്തൻ കണ്ടുപിടുത്തങ്ങൾ, അവബോധം സൃഷ്ടിക്കൽ എന്നിവയാണ് കൊക്കോൺ ലക്ഷ്യമിടുന്നത്.
വെബ് ചലഞ്ചുകൾ, റിവേഴ്‌സ് എഞ്ചിനീയറിംഗ്, ക്രിപ്റ്റോഗ്രഫി, എപിഐ സാങ്കേതികത്വം, ഡിജിറ്റൽ ഫോറെൻസിക്ക്സ്, സ്റ്റെഗാനോഗ്രഫി തുടങ്ങിയ മേഖലകളിൽ എത്തിക്കൽ ഹാക്കർമാരുടെ മികവ് പ്രകടിപ്പിക്കാനും സങ്കീർണമായ വെല്ലുവിളികൾ നേരിടാനുമുള്ള അവരുടെ ഒരുക്കങ്ങളും ക്യാപ്ച്ചർ ദ ഫ്ലാഗ് മത്സരത്തിൽ പ്രകടമായി.
യു എസ് ടിയുടെ കേരളത്തിലെ ഓഫീസുകളിലെ ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗം പ്രൊഫഷനലുകളാണ് ആദ്യ മൂന്ന് പുരസ്കാരങ്ങളും സ്വന്തമാക്കിയത്. ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡായ ഷൈൻ മുഹമ്മദ്, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് ആനന്ദ് ശ്രീകുമാർ എന്നിവരടങ്ങിയ ടീം ഒന്നാം സമ്മാനത്തിന് അർഹമായപ്പോൾ, ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡ് ഷിബിൻ ബി ഷാജി, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് ഗോകുൽ കൃഷ്ണ എസ് എന്നിവരുടെ ടീം ആദ്യ റണ്ണർ അപ്പ് ആയി. ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡ് വിഷ്ണു പ്രസാദ് ജി, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് അതുൽ നായർ എന്നിവരടങ്ങിയ ടീം സൈബർ നിഞ്ചാസ് രണ്ടാം റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഇ ആർ എൻ ഡബ്ലിയു ജർമനിയിലെ ഗവേഷകനായ ഡേവിഡ് ബാപ്ടിസ്റ്റെ, ബീഗിൾ സെക്യൂരിറ്റി സി ഇ ഒ റെജാഹ് റഹിം എന്നിവർ സമ്മാനങ്ങൾ നൽകി. കഴിഞ്ഞ വർഷം കൊച്ചിയിൽ വച്ചു നടന്ന കൊക്കോൺ 2023 ലെ മത്സരങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത് യു എസ് ടി യിൽ നിന്നുള്ള ടീമുകളാണ്.