modi

ഖാലിസ്ഥാന്‍ പ്രശ്നം വിള്ളല്‍ വീഴ്‌ത്തിയ ഇന്ത്യ - കാനഡ ബന്ധത്തെ പരമാവധി വഷളാക്കിയശേഷം തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ സാന്നിദ്ധ്യമുണ്ടെന്നും എന്നാല്‍ ഖാലിസ്ഥാന്‍കാര്‍ കാനഡയിലെ മുഴുവന്‍ സിഖ് സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നില്ലെന്നുമാണ് ‍ ട്രൂഡോ പ്രസ്താവിച്ചിരിക്കുന്നത്.

ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ദീപാവലിയാഘോഷത്തില്‍ പ്രസംഗിക്കുമ്പോഴാണ് ട്രൂഡോ ഈ ഏറ്റുപറയല്‍ നടത്തിയിരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോയുടെ ഈ തുറന്നു പറച്ചിലിന് പിന്നില്‍ പലകാരണങ്ങളുമുണ്ട്. ഇന്ത്യയില്‍ ഖാലിസ്ഥാന്‍ വാദത്തിന് വെള്ളവും വളവും പകര്‍ന്നുകൊടുത്തതില്‍ പശ്ചാത്യ രാജ്യങ്ങളില്‍ അധിവസിക്കുന്ന ഇന്ത്യന്‍ വംശജരായ ഒരു ന്യൂനപക്ഷ സിഖ് തീവ്രവാദസമൂഹത്തിന് കൈയുള്ള കാര്യം പണ്ടേ അറിവുള്ളതാണ്.

ഈ തീവ്രവാദ ന്യൂനപക്ഷത്തെ ഭൂരിപക്ഷ സിഖ് സമൂഹം അംഗീകരിച്ചിട്ടുമില്ല. ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യയില്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതോടെയാണ് വിദേശങ്ങളില്‍ അവര്‍ പ്രവര്‍ത്തനം സജീവമാക്കിയത്. ഖാലിസ്ഥാന്‍ പ്രശ്നം കാനഡയില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്നുവെങ്കിലും മുന്‍ കനേഡിയന്‍ സര്‍ക്കാരുകള്‍ അവരെ നിയന്ത്രിച്ചിരുന്നു.

നേരിയ പ്രാതിനിധ്യം മാത്രമുള്ള ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭരണത്തില്‍ തുടരാന്‍ സര്‍ക്കാരിന് ഖാലിസ്ഥാന്റെ പിന്തുണ കൂടിയേ കഴിയൂ എന്ന അവസ്ഥ സംജാതമായി. ഇതേ തുടര്‍ന്ന് ഖാലിസ്ഥാന്‍ വാദികള്‍ക്ക് അനുകൂലമായ നിലപാട് ട്രൂഡോ കൈക്കൊണ്ടതാണ് ഇന്ത്യ- കാനഡ ബന്ധം ഉലയാന്‍ കാരണം.


ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് 2023 സെപ്തംബറില്‍ ട്രൂഡോ ആരോപിച്ചതോടെ ഇന്ത്യ- കാനഡ നയതന്ത്രബന്ധം കൂടുതല്‍ വഷളായി. മാത്രമല്ല, നിജ്ജര്‍ കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിക്ഷിപ്ത താല്പര്യമുണ്ടെന്ന് കനേഡിയന്‍ പൊലീസും ആരോപിച്ചതോടെ ഇന്ത്യക്ക് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളേണ്ടിവന്നു. ബ്രാംറ്റണിലെ ത്രിവേണി ക്ഷേത്രത്തില്‍വച്ച് നടത്താനിരുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ലൈഫ് സര്‍ട്ടിഫിക്കറ്റ് പരിപാടി (2024 നവംബര്‍) ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമിക്കാന്‍ സാദ്ധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കേണ്ടിവന്നു.

ഈ സംഭവം വിരല്‍ ചൂണ്ടുന്നത് കാനഡയിലെ ക്രമസമാധാന പാലനത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കാന്‍ തക്കക്കരുത്ത് ഖാലിസ്ഥാന്‍ ഭീകരര്‍ നേടിയിരിക്കുന്നുവെന്നാണ്. ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇത് കാരണമായി. വരുന്ന തിരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ നിലപരുങ്ങലിലാകുമെന്ന രാഷ്ട്രീയ പ്രവചനങ്ങളും അദ്ദേഹത്തിന്റെ മനംമാറ്റത്തിന് വഴിവച്ചിട്ടുണ്ട്. ഇന്ത്യയെ പോലെ മഹത്തായ ഒരു ജനാധിപത്യ രാഷ്ട്രത്തിനുമേല്‍ ആദ്യമായാണ് ഒരു രാജ്യം കൊലപാതക ആരോപണം ഉന്നയിക്കുന്നത്.

ഈ ആരോപണത്തിന് രാജ്യാന്തരതലത്തില്‍ വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല എന്ന കാര്യം ട്രൂഡോയ്ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. കാനഡ നേരിടുന്ന സാമ്പത്തികമാന്ദ്യവും ട്രൂഡോ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. ലോകത്ത് അതിവേഗം കുതിച്ചുയരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയോട് പിണങ്ങിനില്‍ക്കുന്നത് യുക്തിപരമല്ലെന്ന ധാരണയും ട്രൂഡോ സര്‍ക്കാരിന് ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍. ഇന്‍വെസ്റ്റ് ഇന്ത്യയുടെ റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ 18-ാമത് വിദേശ നിക്ഷേപകരാണ് കാനഡ. 2000 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 330.6 കോടി ഡോളറാണ് കാനഡ ഇന്ത്യയില്‍ നടത്തിയിട്ടുള്ള നിക്ഷേപം.

കാനഡയുടെ ഏറ്റവുംവലിയ ഒമ്പതാമത് വ്യാപാര പങ്കാളികൂടിയാണ് ഇന്ത്യ. അറുന്നൂറിലേറെ കനേഡിയന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. കാനഡയിലുള്ള ഇന്ത്യയുടെ കയറ്റുമതി 4,10.97 കോടി ഡോളറാണെന്ന് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ (2023) സൂചിപ്പിക്കുന്നു. 85.98 കോടി ഡോളറായിരുന്നു 2022ല്‍ കാനഡ ഇന്ത്യയിലേക്ക് നടത്തിയ പണം കൈമാറ്റമെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടുകളും പറയുന്നു. കനേഡിയന്‍ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന് ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികളിലുള്ളത്. വിപുലമായ ഇത്തരം വ്യാവസായിക ബന്ധങ്ങളെയാണ് ട്രൂഡോ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മ ഇല്ലാതാക്കുന്നത്.


ഇന്ത്യ- കാനഡബന്ധം മോശമാകുമ്പോള്‍ അത് കാനഡയില്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും കാനഡയില്‍ കുടിയേറി പാര്‍ത്തിട്ടുള്ള ഇന്ത്യന്‍ വംശജരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ കാനഡയുടെ വാര്‍ഷിക ബജറ്റിന്റെ 30 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. അതുകൊണ്ടു തന്നെ നയതന്ത്രപ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തെ അധികകാലം പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയില്ലെന്നു വേണം കരുതാന്‍. 19 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ ഇന്ന് കാനഡയിലെ നിര്‍ണായക ജനസമൂഹമാണ്. പരസ്പരം ആവശ്യമുള്ള രാജ്യങ്ങളാണ് ഇന്ത്യയും കാനഡയും. അടുത്ത കാനഡ സര്‍ക്കാര്‍ ഇത് തിരിച്ചറിയുമായിരിക്കും.

ഇന്ത്യയുമായുള്ള തര്‍ക്കത്തെക്കാള്‍ ചൈന നടത്തുന്ന ഇടപെടലുകളിലാണ് കാനഡ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്ന നിരീക്ഷണവും പ്രസക്തമാണ്. രാജ്യാന്തര നയതന്ത്രത്തില്‍ സ്ഥിരം സുഹൃത്തുക്കളോ, സ്ഥിരം ശത്രുക്കളോ ഇല്ലെന്ന് പറയാറുണ്ട്. കാരണം ഓരോ രാജ്യങ്ങള്‍ക്കും സ്ഥായിയായ താല്പര്യങ്ങളാണുള്ളത്. താല്പര്യങ്ങളില്‍ ധാര്‍മ്മികത പുലര്‍ത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

madhavan-nair

* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)