
പതിനാല് വർഷത്തിലേറെയായി സുപ്രീംകോടതി വരെ നിരവധി കേസുകൾ നടത്തി ജീവൻ പണയം വെച്ചുപോലും പോരാടിയൊരു മനുഷ്യൻ, ഗോപി ചക്കുന്നത്ത്! അദ്ദേഹം ഓടിനടന്ന് നടത്തിയ കേസുകളിലെല്ലാം ഇരകൾ പാവങ്ങളായിരുന്നു. ഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും കാരണം സർക്കാർ ഓഫീസുകൾ നിരങ്ങി ജീവിക്കേണ്ടി വന്നവർ. മേലുദ്യോഗസ്ഥരുടെ പീഡനങ്ങളിലും പ്രതികാരനടപടികളിലും വീണുപാേയവർ. അങ്ങനെ നിരവധി മനുഷ്യർ വെങ്ങാനെല്ലൂർ തിരുത്തിയിൽ തറവാട്ട് മുറ്റത്ത് വന്നുകൊണ്ടിരിക്കുന്നു.
ബാല്യത്തിൽ തന്നെ നീതിനിഷേധങ്ങൾ കാണുമ്പോൾ അദ്ദേഹത്തിന്റെ രക്തം തിളച്ചുതുടങ്ങിയിരുന്നു. ഇടതുചിന്താഗതിക്കാരനും സജീവപ്രവർത്തകനുമായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണശേഷിയും പ്രതിഷേധരീതികളും ബാല്യ,കൗമാര, യൗവനങ്ങളെ
കരുത്തുറ്റതാക്കി. ചേലക്കര ഗവ. സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി വടക്കാഞ്ചേരി വ്യാസ കോളേജിലും പഠിച്ചശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മനശാസ്ത്രബിരുദം നേടി. അവിടെ നിന്നു തന്നെ എക്സ് റേ ടെക്നീഷ്യൻ കോഴ്സും പഠിച്ച് ഓസ്ട്രിയയിൽ നിന്ന് മെഡിക്കൽ റേഡിയോളജിയിൽ എൻജിനീയറിംഗ് ബിരുദവും നേടി. സ്വിറ്റ്സർലാൻഡിലെ മിനിസ്ട്രി ഒഫ് ഹെൽത്തിൽ ഉദ്യോഗസ്ഥനായി മൂന്നു പതിറ്റാണ്ടോളം ജോലി ചെയ്തു. അക്കാലമെല്ലാം ഗോപി ചക്കുന്നത്തിന്റെ മനസിൽ നാടിന്റെ ഓർമ്മകളും നാട്ടുകാരുടെ വേദനകളും നീതിനിഷേധിക്കപ്പെട്ടവരുടെ ദു:ഖങ്ങളുമായിരുന്നു. നാട്ടിലെത്തുമ്പോഴെല്ലാം അവർക്കുവേണ്ടി നിലകൊളളാൻ അദ്ദേഹം പണവും സമയവും കണ്ടെത്തി.
രക്ഷാദൂതുമായി രക്ഷ
ചാരിറ്റബിൾ ട്രസ്റ്റ്
പതിനാല് വർഷം മുൻപ് രക്ഷാചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചാണ് രക്ഷാദൗത്യത്തിന് അദ്ദേഹം രംഗത്തിറങ്ങിയത്. മനുഷ്യാവകാശലംഘനങ്ങളിൽ ഇരയാകുന്ന വയോജനങ്ങളും തൊഴിലാളികളും കൈക്കൂലി നൽകേണ്ടി വരുന്ന സാധാരണക്കാരുമെല്ലാം ഗോപിയെ തേടിയെത്തി. രക്ഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായി. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമുളള സംഘമായി ഈ പ്രസ്ഥാനം വളർന്നു. ഒരുകൂട്ടം അഭിഭാഷകരടങ്ങുന്ന വിദഗ്ധസംഘവുമുണ്ട്. വിവരാവകാശം സംബന്ധിച്ച പ്രവർത്തനങ്ങളിൽ കൂടുതൽ ഊന്നൽ നൽകി. വിവരങ്ങൾ മറച്ചുവെയ്ക്കാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും കാണിക്കുന്ന തന്ത്രങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത് ട്രസ്റ്റിന്റെ നിതാന്തമായ ജാഗ്രത കൊണ്ടു കൂടിയായിരുന്നു.
പാലക്കാടും മലപ്പുറത്തും തൃശൂരുമെല്ലാമുളള സാധാരണക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തെ അറിയിക്കാൻ റൈറ്റ് വിഷൻ ചാനൽ അദ്ദേഹം തുടങ്ങി, മാനേജിംഗ് ഡയറക്ടറായി. മൂന്ന് ജില്ലകളിലും ഈ ചാനലിന് പ്രേക്ഷകരുണ്ട്. സാന്ത്വനപരിചരണത്തിലും അദ്ദേഹം സജീവമായി. വ്യവസായി, മാദ്ധ്യമപ്രവർത്തകൻ, സാന്ത്വനപരിചരണ പ്രവർത്തകൻ, ജീവകാരുണ്യപൊതുപ്രവർത്തകൻ...തുടങ്ങി ബഹുമുഖവ്യക്തിത്വം അദ്ദേഹത്തിന് കൈവന്നു. നാലുപതിറ്റാണ്ടോളം സ്വിറ്റ്സർലൻഡിൽ കഴിയുമ്പോഴും ഒരു നിമിഷം പോലും അദ്ദേഹം ജീവിതം ആസ്വദിച്ച് നടന്നില്ല. സ്വിറ്റ്സർലന്റിലെ വേസ്റ്റ് പേപ്പർ ഫാക്ടറിയിൽ റീസൈക്കിൾ ചെയ്ത് വിൽക്കുകയും കേരളത്തിൽ കൊറിഗേറ്റഡ് പേപ്പർ ഷീറ്റുകൊണ്ട് പാക്കിംഗ് പെട്ടികൾ ഉണ്ടാക്കുകയും ചെയ്ത് വ്യവസായ രംഗത്ത് കാലുറപ്പിച്ചെങ്കിലും അദ്ദേഹത്തിനിഷ്ടം പൊതുപ്രവർത്തനമായിരുന്നു.
ആയിരങ്ങൾക്ക് സാന്ത്വനം
ആൽഫ പാലിയേറ്റീവ് കെയർ നെറ്റുവർക്ക് ചേലക്കര ലിങ്ക് സെന്ററിന്റെ പ്രസിഡന്റ് കൂടിയാണ് ഗോപി ചക്കുന്നത്ത്. പാലിയേറ്റീവ് സെന്ററിൽ സൗജന്യ ഫിസിയോ തെറാപ്പിയുണ്ട്. ഒപിക്ക് ഡോക്ടറുമുണ്ട്. ഇതിനുപുറമേ വീടുകളിലെ കിടപ്പുരോഗികളെ സന്ദർശിച്ച് പരിചരണവും മരുന്നും സൗജന്യമായി നൽകുന്നു. ആവശ്യമെങ്കിൽ ഡോക്ടർമാർ തന്നെ വീടുകൾ സന്ദർശിക്കും. ഗോപി താമസിച്ചിരുന്ന തറവാടു വീടാണ് ഇന്ന് രോഗികൾക്ക് ആശ്രയമായി നിലകൊളളുന്നത്. 860 രോഗികൾക്ക് നിലവിൽ സാന്ത്വനം നൽകുന്നുണ്ട്. മൂന്ന് വാഹനങ്ങളുമുണ്ട്.
സാന്ത്വന പരിചരണം ആവശ്യമുള്ളവർ ചിലപ്പോൾ കുടുംബാംഗങ്ങളുമാകാം. അവരേയും ഗോപി ചേർത്തുപിടിയ്ക്കും. ഫിസിഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്സുമാർ, സാമൂഹിക പ്രവർത്തകർ, സൈക്കോളജിസ്റ്റുകൾ, ആത്മീയ ഉപദേഷ്ടാക്കൾ, പോഷകാഹാര വിദഗ്ധർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ തുടങ്ങിയ മറ്റ് അനുബന്ധ ആരോഗ്യ വിദഗ്ധർ ഉൾപ്പെടുന്ന സേവനസംഘമാണിത്. എല്ലാ രോഗികൾക്കും ഈ സേവനങ്ങളെല്ലാം തികച്ചും സൗജന്യം.
രോഗിയുടെ കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസ സ്പോൺസർഷിപ്പ് തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്ക് ലഭിക്കുന്നത് ഒഴികെ, ലഭിക്കുന്ന ഏതൊരു സംഭാവനയും വൈദ്യസഹായം നൽകുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത്. എല്ലാ ആളുകൾക്കും സാന്ത്വന പരിചരണം ലഭ്യമാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് ആൽഫയുടെ ദൗത്യം. മരണാസന്നരായവർക്കും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടവർക്കും സാന്ത്വനവും ചികിത്സയും നൽകി അനായാസേനയുളള മരണംസാദ്ധ്യമാക്കുക എന്നതാണ് പ്രധാന ദൗത്യം.
ലക്ഷ്യം ഓൾഡേജ് ഹോം
നിർദ്ധനരായ വയോജനങ്ങൾക്കായി ഒരു ഓൾഡേജ് ഹോമാണ് ഇനി ഗോപിയുടെ ലക്ഷ്യം. ചേലക്കര ലയൺസ് ക്ളബ്സോൺ ചെയർമാൻ, ചേലക്കര പ്രസ് ക്ലബ്ബ് പ്രസിഡന്റ്, രക്ഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി, വെങ്ങാനെല്ലൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ഏഴരക്കൂട്ടം പാട്രൺ മെമ്പർ, കേരള മീഡിയ ആൻഡ് ജേണലിസ്റ്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, തൃശൂർ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിരവധി സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും നേതൃത്വം വഹിക്കുന്ന ഗോപിയ്ക്ക് ഇപ്പോഴും വിശ്രമമില്ല. ചേലക്കര ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി സ്ഥാപനങ്ങൾക്ക് ഇപ്പോഴും അരിയും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ട്രാഫിക് ബോധവത്കരണ സന്ദേശ ബോർഡുകൾ സ്ഥാപിച്ചും ആൽഫ പാലിയേറ്റീവ് സെന്ററിലേക്ക് ഡയബറ്റിക്ക് കിറ്റ് വിതരണവും നടത്തിയും സോൺ ചെയർമാൻ ഗോപി ചക്കുന്നത്ത് സജീവം. നിരവധി ലക്ഷ്യങ്ങൾ സമൂഹത്തിനു വേണ്ടി സമർപ്പിക്കാൻ അദ്ദേഹം തയ്യാറാണ്.
സ്ഥലങ്ങൾ വാങ്ങി വീടുവെച്ചുകൊടുത്ത് കൺസ്ട്രക്ഷൻ മേഖലയിൽ അദ്ദേഹം സജീവമാകുന്നതും ആ പണം കൊണ്ട് സമൂഹത്തിന് എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണ്. അദ്ദേഹത്തിന് രാഷ്ട്രീയ താൽപര്യങ്ങളില്ല. രാഷ്ട്രീയനേതാക്കളുമായുളള ബന്ധങ്ങൾ കൊണ്ട് നിലപാടുകളിൽ വിട്ടുവീഴ്ചകളുമില്ല.
ജനങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും മുൻപിൽ മറ്റ് താൽപര്യങ്ങളൊന്നും അദ്ദേഹം പരിഗണിക്കാറുമില്ല. പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും ഭരണാധികാരികളുമെല്ലാം അദ്ദേഹത്തിന്റെ സുഹൃത് വലയത്തിലുണ്ട്. പക്ഷേ, നിലപാടുകളിൽ ആരോടും വിട്ടുവീഴ്ചയില്ല. ഇന്നേ വരെ ആരോടും ഭയം തോന്നിയിട്ടില്ല എന്നതാണ് തന്റെ വിജയമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.
സാമൂഹ്യസേവനത്തിന് അദ്ദേഹം ഓടിനടക്കുമ്പോൾ കൂടെ കുടുംബവുമുണ്ട്. ഭാര്യ സുമ നഴ്സായി സ്വിറ്റ്സർലാൻഡിൽ ജോലി ചെയ്യുകയാണെങ്കിലും ഇടയ്ക്കിടെ നാട്ടിലെത്തും. മകൻ ഡോ.നിഖിൽ ഗോപി കോഴിക്കോട് മിംസിലാണ്. ക്രിട്ടിക്കൽ മെഡിസിനിൽ എം.ആർ.സി.പി. ചെയ്യുകയാണ് ഡോ.നിഖിൽ. ഭാര്യ ഡോ.മേഘയും മിംസിലാണ്. ഇളയമകൻ അഖിൽ ഗോപി എൻജിനീയറിംഗും എം.ബി.എയും പൂർത്തിയാക്കി.