china

ബീജിംഗ്: ഹോട്ടൽ മുറികളിൽ താമസിക്കാൻ എത്തുന്നവർ ആദ്യം പരിഗണന നൽകുന്നത് വൃത്തിയും സുരക്ഷിതത്വവുമാണ്. മുറികളൊക്കെ കാണാൻ അടിപൊളിയാണെങ്കിൽ പിന്നെ പറയേണ്ട. എന്നാൽ ഇത്തരം ഹോട്ടലുകൾ തട്ടിപ്പ് നടത്താൻ ചിലർ തുനിഞ്ഞിറങ്ങിയാലോ? അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ ചൈനയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസമാണ് ചൈനീസ് പൊലീസ് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ എത്തി ഒരു യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. യുവാവ് ചെയ്ത കുറ്റം കേട്ടാൽ നമ്മളിൽ ചിലർ മൂക്കത്ത് വിരൽ വച്ചു പോകും.

ഹോട്ടലുകളിൽ എത്തി ജീവനക്കാരെ കബളിപ്പിച്ചും ബ്ലാക്ക് മെയിൽ ചെയ്തും നഷ്ടപരിഹാരം വാങ്ങിക്കൽ, സൗജന്യ താമസം, ഭക്ഷണം എന്നിവയാണ് യുവാവ് തരപ്പെടുത്തുന്നത്. സംഭവം ഹോട്ടൽ ജീവനക്കാർ കൃത്യമായി മനസിലാക്കിയതോടെ ആളെ പൊക്കി അകത്താക്കി ചോദ്യം ചെയ്തു. ഇതോടെയാണ് യുവാവ് ഇന്നും ഇന്നലെയുമായല്ല ഈ കുറ്റകൃത്യം ചെയ്യുന്നതെന്ന് മനസിലായത്.

യുവാവിന്റെ കള്ളക്കളി ഇങ്ങനെ
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് 21 വയസുള്ള ഈ യുവാവിന്റെ പേര് ജിയാംഗ് എന്നാണ്. ഹോട്ടലിൽ താമസിക്കാൻ വരുന്ന ഈ യുവാവ് ചീവീട്, ചത്ത പാറ്റ, ഉപയോഗിച്ച കോണ്ടം, മുടിനാരിഴകൾ എന്നിവയുമായാണ് എത്തുക. ഈ സാധനങ്ങളൊക്കെ റൂമിന്റെ പലഭാഗത്തായി ഇട്ടതിന് ശേഷം യുവാവ് ഹോട്ടൽ അധികൃതരോട് വൃത്തിയെക്കുറിച്ചുള്ള പരാതി നൽകും.

ഇത്രയധികം പണം നൽകി തനിക്ക് താമസിക്കാൻ നൽകിയ മുറിയാണോ ഇതെന്ന് ചോദിച്ച് ഹോട്ടലിൽ എല്ലാവരും കേൾക്കെ ബഹളം വയ്ക്കും. ഈ ബഹളം മറ്റുള്ള കസ്റ്റമർ കേൾക്കാതിരിക്കാൻ ഹോട്ടൽ ജീവനക്കാർ ഈ യുവാവ് പറയുന്നത് കേൾക്കാൻ ബാദ്ധ്യസ്ഥനാകും. അങ്ങനെ അധികൃതർക്ക് സൗജന്യ താമസവും ഭക്ഷണവും ചിലപ്പോൾ നഷ്ടപരിഹാരം വരെ നൽകേണ്ടി വന്നേക്കും.

കഴിഞ്ഞ പത്ത് മാസത്തിനിടെ ഒട്ടേറെ ഹോട്ടലുകളിലാണ് യുവാവ് ഇങ്ങനെ സൗജന്യമായി താമസിച്ച് പണം തട്ടിയത്. ഒരു ദിവസം ഒന്നിൽക്കൂടുതൽ ഹോട്ടൽ മുറികളിൽ ഇയാൾ താമസിച്ചിട്ടുണ്ട്. ഇത്തരത്തിൽ 63ഓളം ഹോട്ടലുകളിൽ സൗജന്യമായി താമസിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ശുചിത്വ പ്രശ്നങ്ങൾ ആരോപിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് പിന്നാലെ ഒരു ഹോട്ടൽ ജീവനക്കാർ പൊലീസിൽ അറിയിച്ചതോടെയാണ് ഇയാളുടെ കള്ളി വെളിച്ചത്താകുന്നത്. ഈ ഹോട്ടലിലെ ജീവനക്കാർ, വിവിധ സ്ഥലങ്ങളിൽ താമസിച്ച സമയത്ത് സമാനമായ പരാതികൾ ഉന്നയിച്ച ജിയാങ്ങിനെ തിരിച്ചറിഞ്ഞതോടെയാണ് പിടിക്കപ്പെട്ടത്.

ഒരു ഹോട്ടലിൽ നിന്ന് ജിയാങ്ങിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടത്താൻ ഉപയോഗിച്ച വസ്തുക്കൾ അടങ്ങിയ 23 പാക്കറ്റുകൾ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ കഴിഞ്ഞ വർഷം മുതൽ 300ലധികം ഹോട്ടലുകളിൽ താമസിച്ച് 63 സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതുവരെ 5200 ഡോളറാണ് ഇയാൾ തട്ടിയെടുത്തത്.