
തിരുവനന്തപുരം: സി പി എം നേതാവ് ബിപിൻ സി ബാബു ബി ജെ പിയിൽ ചേർന്നു. ആലപ്പുഴയിലെ സി പി എം വിഭാഗീയതയ്ക്കിടെ ആണ് ബിപിൻ ബി ജെ പിയിലേക്ക് ചേക്കേറിയത്. സി പി എം ഏരിയ കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ബി ജെ പി സംഘടനാ യോഗത്തിലാണ് ബിപിൻ പാർട്ടി അംഗത്വമെടുത്തിരിക്കുന്നത്.
എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായും, ഡി വൈ എഫ് ഐയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബിപിന്റേത് പാർട്ടി കുടുംബമാണ്. സി പി എം വിട്ട് കൂടുതൽ പേർ ബി ജെ പിയിലേക്ക് വരുമെന്ന് ബിപിൻ പ്രതികരിച്ചു.
സി പി എമ്മിന് മതനിരപേക്ഷ സ്വഭാവം നഷ്ടമായെന്നും പാർട്ടിയെ ഇന്ന് നിയന്ത്രിക്കുന്നത് വർഗീയ ശക്തികളാണെന്നും ബിപിൻ പ്രതികരിച്ചു. 'രാജ്യത്ത് മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ എല്ലാവർക്കും അറിയാം. സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതികൾ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മോദിജിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നാഷണൽ ഹൈവേ മാത്രം ഉദാഹരണമായി എടുത്താൽ മതി. റെയിൽവേയിൽ നടന്ന വികസന പ്രവർത്തനങ്ങൾ. ജനങ്ങൾക്ക് ഉപകാരകരമായ പദ്ധതികൾ നടപ്പിലാക്കുന്നതുകൊണ്ടാണ് ബി ജെ പിയിൽ അംഗത്വമെടുത്തത്.'- ബിപിൻ പറഞ്ഞു.
ചില മാലിന്യങ്ങൾ പോകുമ്പോൾ ബി ജെ പിയിലേക്ക് ശുദ്ധജലം വരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോയത് ബി ജെ പിക്ക് കനത്ത പ്രഹരമായിരുന്നു. ഇതിനിടയിൽ സി പി എം നേതാവ് പാർട്ടിയിലെത്തിയിരിക്കുന്നത് ബി ജെ പിയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.