
ദിവസങ്ങൾക്ക് മുമ്പാണ് പുഷ്പ 2 പ്രമോഷന്റെ ഭാഗമായി അല്ലു അർജുൻ കേരളത്തിലെത്തിയത്. കൊച്ചിയിൽ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ നടൻ ഗോവിന്ദ് പത്മസൂര്യ എന്ന ജിപി അല്ലു അർജുനെ കാണാൻ എത്തിയിരുന്നു. താരത്തിന് പ്രത്യേക സമ്മാനവുമായാണ് ജിപി കാണാൻ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും ജിപി മറന്നില്ല. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
ഈ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ അല്ലു അർജുനുമായും രശ്മിക മന്ദാനയുമായുമുള്ള പേളി മാണിയുടെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സംഭവം ഒർജിനലാണെന്ന് ആദ്യം തോന്നുമെങ്കിലും ഈ ചിത്രം പേളി എഡിറ്റ് ചെയ്തതാണ്. ജിപിയെ ട്രോളുന്നതിന് വേണ്ടിയാണ് പേളി ഈ ചിത്രം പങ്കുവച്ചതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജിപിയും പേളിയും അടുത്ത സുഹൃത്തുക്കളാണ്. ചിത്രം വൈറലായതോടെ നിരവധി പേരാണ് തമാശ രൂപേണയുള്ള കമന്റുമായി എത്തുന്നത്.
'ചാർട്ടേഡ് വിമാനത്തിൽ വരെ ഇന്റർവ്യൂ, ഭയങ്കരം തന്നെ, എഡിറ്റിംഗ് സിംഹമേ, അവാർഡ് വിന്നിംഗ് എഡിറ്റിംഗ്, ഇതൊക്കെ എങ്ങനെ സാധിക്കുന്നു' എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഈ ചിത്രത്തിന്റെ ഒർജിനൽ ഫോട്ടോയും അരാധകർ കമന്റിൽ പിൻ ചെയ്തുവച്ചിട്ടുണ്ട്. പേളി മാണിയുടെ ഈ തമാശ വളരെ രസകരമായിട്ടാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ചിത്രവും പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.