
ബീജിംഗ്: തുടർച്ചയായ തുമ്മലും മൂക്കൊലിപ്പും സഹിക്കാൻ കഴിയാതെ ആശുപത്രിയിലെത്തിയ ചൈനീസ് സ്വദേശി ഞെട്ടി. നാസികാദ്വാരത്തിൽ നിന്ന് ഇരുപത് വർഷം മുമ്പ് കാണാതായൊരു വസ്തുവാണ് കണ്ടെത്തിയത്. ഷാങ്സി പ്രവിശ്യയിലെ സിയാനിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരനാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്.
കഴിഞ്ഞ ഒരു മാസമായി യുവാവിന് തുമ്മലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. വീട്ടിൽ തന്നെ ചികിത്സിക്കാൻ ശ്രമിച്ചു. പരമ്പരാഗതമായ ചൈനീസ് മരുന്നുകൾ പരീക്ഷിച്ചെങ്കിലും അതുകൊണ്ടൊന്നും പ്രശ്നം മാറിയില്ല. തുടർന്ന് ആശുപത്രിയിൽ വൈദ്യസഹായം തേടി. അവിടെവെച്ച് നടത്തിയ പരിശോധനയിൽ യുവാവിന് അലർജിക് റിനിറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയതായി ക്ലിനിക്കിന്റെ മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു.
യുവാവിന്റെ നാസികാദ്വാരത്തിൽ എന്തോ ഒരു വസ്‌തുവിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. അത് എന്താണെന്ന് തിരിച്ചറിയാൻ, നാസൽ എൻഡോസ്‌കോപ്പി നടത്തി. ഇതിന്റെ റിസൽട്ട് വന്നപ്പോൾ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി. പകിടപോലത്തെ ഒരു സാധനമാണ് പരിശോധനയിൽ കണ്ടെത്തിയത്.
' മൂക്കിനകത്ത് ഞങ്ങൾ ഒരു പകിട കണ്ടെത്തി. സ്രവങ്ങളാൽ ചുറ്റപ്പെട്ട നിലയിലായിരുന്നു. വേർതിരിച്ചെടുത്തപ്പോൾ, അത് രണ്ട് സെന്റിമീറ്ററുള്ള പകിടയായി മാറി'- ഡോക്ടർ പറഞ്ഞു. നാസികാദ്വാരത്തിൽ ദീർഘകാലം കിടന്നതിനാൽ പകിടകൾ ഭാഗികമായി തുരുമ്പെടുത്തിരുന്നു. ഇത് മൂക്കിലെ മ്യൂക്കോസയ്ക്ക് കേടുപാടുകൾ വരുത്തി
ഏകദേശം മൂന്നോ നാലോ വയസുള്ളപ്പോഴായിരിക്കാം പകിട മൂക്കിൽ കയറിയിരിക്കുകയെന്ന് യുവാവ് പറഞ്ഞു. എന്നിരുന്നാലും, അത് എങ്ങനെ മൂക്കിനകത്ത് കയറിയെന്ന് യുവാവിന് ഓർമയില്ല. ശസ്ത്രക്രിയയിലൂടെ പകിട പുറത്തെടുത്തു.