ss

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഹൃദയപൂർവത്തിനുശേഷം ആരംഭിക്കും. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന റാമിന്റെ ആദ്യഭാഗം പൂർത്തിയാകാനുണ്ട്. രണ്ടാംഭാഗം പൂർത്തിയായതാണ്. ആദ്യഭാഗം ഡിസംബറിൽ റിലീസ് ചെയ്യാനാണ് തീരുമാനം. എമ്പുരാൻ പൂർത്തിയാക്കിയ മോഹൻലാൽ മഹേഷ് നാരായണൻ ചിത്രത്തിന്റെ തുടർ ചിത്രീകരണത്തിൽ പങ്കെടുക്കും. ഇതിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും. ഐശ്വര്യലക്ഷ്മിയാണ് നായിക. സംഗീത, സംഗീത് പ്രതാപ് എന്നിവരാണ് മറ്റു താരങ്ങൾ.

പൂനെയും കൊച്ചിയുമാണ് ലൊക്കേഷനുകൾ.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന റാമിന്റെ ചിത്രീകരണം 2020 തുടക്കത്തിൽ ആണ് ആരംഭിച്ചത് .കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇടയ്ക്ക് നിറുത്തിവച്ച ചിത്രീകരണം മൂന്നുവർഷത്തിനുശേഷം 2022 ആഗസ്റ്റ് ആറിനാണ് പുനരാരംഭിച്ചത്. ഇതിനുശേഷം വീണ്ടും ചിത്രീകരണം നിറുത്തിവച്ചു. വിദേശ രാജ്യങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷൻ. കെയ്റോയിലാണ് തുടർ ചിത്രീകരണം. ജീത്തു ജോസഫിന്റെ കരിയറിൽ ഏറ്റവും ചെലവേറിയ സിനിമയായ റാമിൽ തൃഷയാണ് നായിക. ഇന്ദ്രജിത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗകൃഷ്,ണ ആദിൽ ഹുസൈൻ , ചന്തുനാഥ്, പ്രിയങ്ക നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സതീഷ് കുറുപ്പ്.

റാം പൂർത്തിയാക്കിയ ശേഷം അമൽ നീരദ് ചിത്രമാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമ്മാണം.