
മുംബയ്: സമാനതകളില്ലാത്ത വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന്റെ ശോഭ കെടുത്തുന്നതായെന്ന വിമർശനം മുന്നണിക്കുള്ളിലുയരുന്നു. മുഖ്യമന്ത്രിയായിരുന്ന ഏക്നാഥ് ഷിൻഡെയ്ക്കും ഉപ മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർക്കും അത്യന്തം നിർണായകമായിരുന്നു ഈ തിരഞ്ഞെടുപ്പ്.വാശിയേറിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ഉദ്ധവ് പക്ഷ ശിവസേനയേയും പവാർ പക്ഷ എൻ.സി.പിയെയും നിലംപരിശാക്കിയ വിജയവും ജനങ്ങൾ നൽകി.എന്നിട്ടും മന്ത്രിസഭാ രൂപീകരണം നീണ്ടു പോകുന്നതിലാണ് അതൃപ്തി.
ശരിക്കു നോക്കിയാൽ ശിവസേനയെയും എൻ.സി.പിയെയും പിളർത്തി പുതിയ മന്ത്രിസഭ രൂപീകരിച്ച ബി.ജെ.പി തന്ത്രങ്ങൾ അവരാഗ്രഹിച്ച ലക്ഷ്യത്തിലേക്ക്
എത്തുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 132 സീറ്റുമായി ബി.ജെ.പി ഒന്നാമതെത്തി.ശരിക്കു പറഞ്ഞാൽ ശിവസേനയില്ലാതെ അജിത് പവാർ പക്ഷത്തിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാവുന്ന സ്ഥിതി. പക്ഷേ കേന്ദ്ര മന്ത്രിസഭയെ പിന്തുണയ്ക്കുന്ന ഷിൻഡെ പക്ഷത്തെ പിണക്കാൻ ബി.ജെ.പി തയ്യാറാവുകയില്ല.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ ഷിൻഡെയുടെ അതൃപ്തി പ്രകടമാണ്. ഡിസംബർ അഞ്ചിനു വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായപ്പോഴും ഷിൻഡെയുടെ നിലപാട് ചോദ്യചിഹ്നമാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ അദ്ദേഹം തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയായി തുടരാൻ ആഗ്രഹിച്ചിരുന്ന ഷിൻഡെ, ഈ ഓഫർ സ്വീകരിക്കാൻ മടിക്കുന്നു. ആഭ്യന്തര വകുപ്പ് ചോദിക്കുന്നു. അതിന്റെ വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചർച്ചകളിൽ നിന്ന് വിട്ട് ഷിൻഡെ സത്താറയിലെ ഗ്രാമത്തിലേക്ക് മടങ്ങിയത്. മകൻ ശ്രീകാന്ത് ഷിൻഡെയെ ഉപമുഖ്യമന്ത്രിയാക്കി ഷിൻഡെ തത്ക്കാലം പദവികൾ ഏറ്റെടുക്കാതിരിക്കുമെന്നും സൂചനകളുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഷിൻഡെ സുപ്രധാന തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശിവസേന നേതാവ് സഞ്ജയ് ഷിർസാത്ത് പറയുന്നു.
ഷിൻഡെയുടെ ശ്രദ്ധ മഹാരാഷ്ട്രയിലാണെന്നും കേന്ദ്രമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്തായിരിക്കും ഷിൻഡെയുടെ തീരുമാനം. കേന്ദ്രമന്ത്രി സ്ഥാനത്തിലും ഉപമുഖ്യമന്ത്രി പദത്തിലും അദ്ദേഹം തൃപ്തനല്ലെന്ന് വ്യക്തം.ഷിൻഡെയെ ഏത് വിധേനയും
മെരുക്കാനാവും ബി.ജെ.പി ശ്രമിക്കുക.