pope-francis

വത്തിക്കാൻ സിറ്റി: മനുഷ്യൻ നേരിട്ട വിവേചനങ്ങൾ അവസാനിപ്പിക്കാൻ സാമൂഹ്യവും മതപരവുമായ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച ആദ്ധ്യാത്മിക ആചാര്യനും സാമൂഹ്യപരിഷ്‌കർത്താവുമാണ് ശ്രീനാരായണ ഗുരുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ജനങ്ങൾക്കിടയിലും രാഷ്‌ട്രങ്ങൾക്കിടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിക്കുന്ന ഇന്നത്തെ ലോകത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ വളരെ പ്രസക്തമാണ്.

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടന്ന സർവ്വമതസമ്മേളനത്തിലും ലോക മത പാർലമെന്റിലും അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാർപാപ്പ.

ജാതി, മത, സാംസ്‌കാരിക ഭേദങ്ങൾ ഏതുമില്ലാതെ, സർവ്വമനുഷ്യരും ഒരൊറ്റ മാനവകുടുംബത്തിലെ അംഗങ്ങളാണ് എന്നതായിരുന്നു ഗുരുവിന്റെ സന്ദേശം. ആരോടും ഒരു വിവേചനവും അരുതെന്ന് ശ്രീനാരായണ ഗുരു നിഷ്‌കർഷിച്ചു. നിർഭാഗ്യമെന്ന് പറയട്ടെ, വംശം, ജാതി, വർണം, ഭാഷ, മതം എന്നിവയുടെ

പേരിലുള്ള വിവേചനവും നിരാസവും സംഘർഷവും അക്രമവും ഇന്ന് നിത്യാനുഭവങ്ങളാണ്. അധികാരമില്ലാത്ത, ശബ്ദമില്ലാത്ത പാവപ്പെട്ട വ്യക്തികളും സമൂഹങ്ങളുമാണ് ഇരകളാവുന്നതെന്നും മാർപാപ്പ പറഞ്ഞു.

ശ്രീനാരായണ ഗുരു സംഘടിപ്പിച്ച ആദ്യത്തെ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും എത്തിയ വിവിധ മത വിശ്വാസികളെ ഞാൻ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. ആദരണീയരായ ശിവഗിരി മഠം സ്വാമിമാർക്കും ശ്രീനാരായണ ഗുരുവിന്റെ അനുയായികൾക്കും മറ്റ് സുഹൃത്തുക്കൾക്കും സ്വാഗതം. ഇന്ത്യയിലെയും ഏഷ്യയിലെയും മതസംവാദങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആദ്യ സർവമത സമ്മേളനം. മതസംവാദങ്ങളുടെ പുണ്യസങ്കേതമായ ഇവിടെ വൈവിദ്ധ്യമാർന്ന മതസമൂഹങ്ങളുടെ പ്രാർത്ഥനാനിർഭരമായ സംഗമമാണിത്. ''സർവമത സമന്വയം മാനവരാശിക്കായി'' എന്നതാണ് ഈ സമ്മേളനത്തിന്റെ ആശയം. ഇന്ന് ഏറെ പ്രസക്തിയുള്ള വിഷയമാണിതെന്നും മാർപാപ്പ പറഞ്ഞു.

വിയോജിപ്പുകളെ ആദരിക്കണം;

സമാധാന ദൂതരാവണം


ദൈവം എല്ലാ മനുഷ്യരെയും ഏകോദര സഹോദരങ്ങളായി ജീവിക്കാൻ തുല്യമായ അവകാശങ്ങളും കർത്തവ്യങ്ങളും അന്തസും നൽകിയാണ് സൃഷ്‌ടിച്ചിട്ടുള്ളതെന്ന് മാർപ്പാപ്പ പറഞ്ഞു. ഒരേ ദൈവത്തിന്റെ മക്കളായി പരസ്പരം സ്നേഹിക്കണം, ബഹുമാനിക്കണം. സാഹോദര്യത്തിന്റെ ചൈതന്യത്തിൽ വൈവിദ്ധ്യങ്ങളെയും വിയോജിപ്പുകളെയും ആദരിക്കണം. നമ്മൾ പരസ്പരം താങ്ങാവണം. വാസഗൃഹമായ ഭൂമിയെ സംരക്ഷിക്കണം. വിശുദ്ധമായ മതദർശനങ്ങൾ ജീവിതത്തിൽ പാലിക്കാത്തതാണ് ലോകത്തെ അസ്വസ്ഥതകൾക്ക് കാരണം. ആ ദർശനങ്ങളുടെ അടിത്തറയിൽ മാനവ സാഹോദര്യം വളർത്തണം. വൈവിദ്ധ്യത്തിലും ഏകത്വം പുലരണം. ഭിന്നതകളിലും മൈത്രിയോടെ സഹവസിക്കണം. വെല്ലുവിളികൾ നേരിടുമ്പോഴും സമാധാന ദൂതരാവണം- മാർപാപ്പ പറഞ്ഞു.

ആഹ്ലാദത്തോടെ മാർപാപ്പ

പ്രഭാഷണത്തിനുശേഷം ഒന്നര മണിക്കൂറോളം മാർപാപ്പ ശിവഗിരി മഠത്തിലെ സ്വാമിമാർ ഉൾപ്പെടെയുള്ളവർക്കൊപ്പം ആഹ്ലാദത്തോടെ ചെലവിട്ടു. ഹിന്ദു, മുസ്ലീം, ക്രൈസ്തവ, ജൂത പ്രതിനിധികളും സന്യാസിമാരും വൈദികരും ബുദ്ധിജീവികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സമ്പന്നമായ സദസായിരുന്നു. എല്ലാവരുമായും മാർപാപ്പ ആശയവിനിമയം നടത്തി. എല്ലാവർക്കും ഹസ്തദാനം നൽകി കുശലം പറഞ്ഞു. അവർക്കാപ്പം ഫോട്ടോയും എടുത്തു. പ്രതിനിധികൾ മാർപാപ്പയ്ക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.