
സിങ്കപ്പൂർ സിറ്റി: ഭാര്യക്കായി സ്വർണം വാങ്ങിയയാൾ നേരം ഇരുട്ടിവെളുത്തപ്പോൾ കോടിപതിയായി. ബാലസുബ്രഹ്മണ്യം ചിദംബരം എന്നയാളാണ് സിങ്കപ്പൂരിൽ ഒരു മില്യൺ ഡോളർ (8.45 കോടി രൂപ) സമ്മാനത്തിന് അർഹനായിരിക്കുന്നത്, സിങ്കപ്പൂരിലെ മുസ്‌തഫ ജ്വല്ലറിയുടെ നറുക്കെടുപ്പിലൂടെയാണ് ചിദംബരം കോടീശ്വരനായത്.
21 വർഷമായി സിങ്കപ്പൂരിൽ പ്രോജക്‌ട് ഡിസൈനറായി ജോലി ചെയ്യുകയാണ് ചിദംബരം. മൂന്ന് മാസം മുൻപാണ് ചിദംബരം മുസ്‌തഫ ജ്വല്ലറിയിൽ നിന്ന് ഭാര്യക്കായി സ്വർണ ചെയിൻ വാങ്ങിയത്. 3.7 ലക്ഷം രൂപയാണ് ചെയിനിന് വിലകൊടുത്തത്. 15,786 രൂപയ്ക്ക് മുകളിൽ പർച്ചേസ് നടത്തുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു. നവംബർ 24നാണ് നറുക്കെടുപ്പ് നടന്നത്. ഇതിലാണ് നറുക്കെടുപ്പിലെ വിജയിയായി ചിദംബരത്തെ തിരഞ്ഞെടുത്തത്. വാർത്തയറിഞ്ഞ ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ സമൂഹമാദ്ധ്യമത്തിലൂടെ ചിദംബരത്തിന് ആശംസ അറിയിച്ചു.