temple

പാലക്കാടൻ ഗ്രാമങ്ങളിൽ പ്രത്യേകിച്ച് അധികമായും കല്ലടിക്കോടൻ മലയുടെ താഴ്വാരങ്ങളിൽ കാണപ്പെടുന്ന ഒരു ആരാധന മൂർത്തിയാണ് കയറൻ.ഇവിടുത്തെ ഗ്രാമീണ ജനത കയറൻ ദൈവം / കയറ മുത്തപ്പൻ എന്നെല്ലാം വിളിച്ചാണ് ഈ മൂർത്തിയെ വണങ്ങുന്നത് .കാർഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് കന്നുകാലി സംരക്ഷണവും ആയി ബന്ധപ്പെട്ടാണ് കയറനെ ജനങ്ങൾ ആരാധിക്കുന്നത്..കല്ല് വച്ചും,മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാം രൂപം വച്ചുമെല്ലാം അവർ കയറനെ പൂജിക്കുന്നുണ്ട്.


പുരാതന കാലം മുന്നെ തന്നെ മനുഷ്യന്റെ കൂടെ നിൽക്കുന്ന ഒന്നാണ് കന്നുകാലികൾ.അടുത്ത കാലത്താണ് നമ്മൾ അവയെ മറന്നു തുടങ്ങിയത്..സംഘകാലത്ത് തമിഴ് ദേശങ്ങളിൽ ഗോത്ര വർഗക്കാർ തമ്മിൽ കന്നുകാലികളെ മോഷ്ടിച്ചതിന്റെ പേരിൽ വലിയ പോരാട്ടം തന്നെ നടന്നിരുന്നു.മനുഷ്യരുടെയും ,മൃഗങ്ങളുടെയും ആക്രമണത്തിൽ നിന്ന് കന്നുകാലികളെ രക്ഷിക്കാൻ വേണ്ടി പോരാടി മരിച്ച വീരന്മാർക്ക് വേണ്ടി അവർ നടുക്കല്ല് വച്ച് ആരാധിക്കാൻ തുടങ്ങി..ഇന്നും അവർ കന്നുകാലികളുടെ ആരോഗ്യത്തിന് വേണ്ടി ആ പൂർവികരെ ആരാധിക്കുന്നുണ്ട്.കയറൻ എന്ന മൂർത്തി സങ്കല്പവും അങ്ങനെ ആകാനാണ് സാധ്യത.കാരണം മലയോര ഗ്രാമങ്ങളിൽ കന്നുകാലികളുടെ നേരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.അങ്ങനെ വന്ന ഒരു വീരാരാധന സങ്കൽപ്പത്തിൽ ഉള്ള മൂർത്തിയാണ് കയറന് എന്ന് ഞാൻ കരുതുന്നു.മുണ്ടൂർ കല്ലടിക്കോട് ഭാഗത്ത് തന്നെ കയറൻ കോട് ,കയറൻ പാറ , കയറൻ കാവ് എന്നീ സ്ഥലങ്ങൾ ഉണ്ട്.കയറന്റെ കോട്, ( മല ,കുന്ന് എന്നെല്ലാം കോട് എന്ന വാക്കിന് അർത്ഥം ഉണ്ട് ) കയറൻ കോട് ആയത്.പണ്ട് കാലത്ത് പാറയിൽ കയറന് അവിലും മലരും വച്ച് നേദിക്കുമായിരുന്നു കന്നു കാലികൾക്ക് ഉണ്ടാകുന്ന മുണ്ടിനീര് മാറാൻ വേണ്ടി.അങ്ങനെ ആകാം ആ ഇടത്തിന് കയറന് പാറ എന്ന പേര് വന്നത്.


ഇന്നും ഇവിടെ മലയോട് ചേർന്നും , ഗ്രാമങ്ങളിലും എല്ലാമായി കയറൻ ദൈവത്തെ ആളുകൾ ആരാധിച്ച് പോരുന്നു..കാട്ടു മൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയും, കന്നു കാലികൾക്ക് വേണ്ടിയും ഗ്രാമീണ ജനത ഇവിടെ വന്ന് തൊഴുന്നുണ്ട്.ആഴ്ചയിൽ ഒരിക്കൽ ,മാസത്തിൽ ഒരിക്കൽ ,വർഷത്തിൽ ഒരിക്കൽ ,അങ്ങനെ തങ്ങളെ കൊണ്ട് ആവുന്ന പോലെ അവർ പൂജകൾ ചെയ്യുന്നു.


കയറനൂട്ട് എന്നൊരു ചടങ്ങ് ഈ ഭാഗങ്ങളിൽ നടന്നിരുന്നു. ഇന്നും അതിന്റെ ചെറിയ പതിപ്പ് ഈ ഭാഗങ്ങളിൽ നടന്നു പോകുന്നുണ്ട് .പശു പ്രസവിച്ചു കഴിഞ്ഞ് പത്താം നാൾ ആണ് ഈ ചടങ്ങ് നടക്കുക. പണ്ട് കാലത്ത് ഭൂരിഭാഗം വീട്ടിലും കന്നുകാലികൾ ഉള്ളത് കൊണ്ട് അവിടെ തന്നെ കയറൻ ദൈവത്തിന്റെ ഒരു പൂജാ കേന്ദ്രം ഉണ്ടാകും.അവിടെ വച്ച് ആ വീട്ടിലെ ഒരു അംഗം തന്നെയാണ് കർമ്മി ആവുക.മുറ്റം ചാണകം മെഴുകി വൃത്തിയാക്കി പതിനാറു കള്ളികളുള്ള ഒരു കളം വരയ്ച് ,കളങ്ങളിൽ ഭസ്മം വിതറുകയും അതിന്റെ നടുവിൽ ഒരു ചാണക ഉരുള വയ്ക്കുകയും ചെയ്യുന്നു. അതിനു മുകളിൽ ഒരു തുളസിത്തല വച്ചതിനുശേഷമാണ് പൂജ. പ്രസവിച്ച പശുവിന്റെ പാൽ, കുട്ടി കുടിച്ചതിനുശേഷം കറന്നെടുത്തു പായസമുണ്ടാക്കി നേദിയ്ക്കുന്നു. പൂജ കഴിഞ്ഞ ശേഷം കിടാവിന്റെ കഴുത്തിൽ കയറിടുന്നു. ഇതൊരു ചടങ്ങാണ്. അങ്ങിനെ പുതിയ പശു കുട്ടി ആ കുടുംബത്തിലെ അംഗമായിത്തീരുന്നു.ഇന്നും പ്രസവിച്ച് പത്ത് ദിനം കഴിഞ്ഞ് പശുവിന്റെ പാൽ കൊണ്ട് പായസം ഉണ്ടാക്കുന്ന രീതി അവിടെ നില നിന്ന് പോരുന്നുണ്ട്.ഇതേ പോലെ ഉള്ള രീതികൾ ചെറിയ മാറ്റത്തോടെ കാടുകളോട് ചേർന്നുള്ള മറ്റ് ദേവത ആരാധനാ കേന്ദങ്ങളിൽ കാണാറുണ്ട്. ഇന്നും കല്ലടിക്കോടൻ മലയോടു ചേർന്നുള്ള ഭാഗങ്ങളിലും ,ചില പാലക്കാടൻ കാർഷിക ഗ്രാമങ്ങളിലും കയറ മുത്തപ്പന് വേണ്ടി ആരാധന നടക്കുന്നുണ്ട്.