
കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് പൗരന്മാരെ ചികിത്സില്ലെന്ന സർക്കുലർ ഇറക്കി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി. അതിർത്തിയിൽ നിന്നടക്കം വരുന്ന ബംഗ്ലാദേശികൾക്ക് ചികിത്സ നൽകരുതെന്ന് ജെ.എൻ റായ് ആശുപത്രി അധികൃതർ ജീവനക്കാരോട് നിർദ്ദേശിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുകയാണെന്നും ഇന്ത്യൻ പതാകയെ അവർ അപമാനിച്ചെന്നും അതിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ത്രിവർണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇന്ത്യ മുന്നിൽ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാൽ ഇന്ന് ഇന്ത്യാ വിരുദ്ധ നിലപാടാണ് അവർ സ്വീകരിക്കുന്നത്.
നേരത്തെ ഗൈനക്കോളജിസ്റ്റായ ഇന്ദ്രാനിൽ ഷായും ഇതേ നിലപാടെടുത്തിരുന്നു.
ബംഗ്ലാദേശിലെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളാണ് ഇന്ത്യൻ പതാകയെ അവഹേളിച്ചത്.വിദ്യാർത്ഥികൾ ഇന്ത്യൻ പതാകയിൽ ചവിട്ടി നടക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്.
അതൃപ്തി അറിയിച്ച് ബംഗ്ലാദേശ്
അതിനിടെ, കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മിഷനു പുറത്ത് നടന്ന പ്രതിഷേധത്തിൽ ബംഗ്ലാദേശ് സർക്കാർ അതൃപ്തി അറിയിച്ചു.
ബംഗ്ലാദേശിന്റെ ദേശീയ പതാകയെ അപമാനിക്കുകയും മുഹമ്മദ് യൂനുസിന്റെ കോലം കത്തിക്കുകയും ചെയ്‌തതിൽ ഉത്കണ്ഠ പ്രകടിപ്പിച്ച ബംഗ്ലാദേശ് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു.