kerala-kalamandalam

തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് അദ്ധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ഡിസംബർ ഒന്നാം തീയതി മുതൽ ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ലെന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വെെസ് ചാൻസലർ പിരിച്ചുവിടൽ ഉത്തരവിറക്കി. ഒരു അദ്ധ്യയന വർഷത്തിന്റെ ഇടയ്ക്ക് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവം ഇത് ആദ്യമാണ്. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്.

കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് മൂലം കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി താൽക്കാലിക അദ്ധ്യാപക - അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ പദ്ധതിയേതര വിഹിതത്തിൽ നിന്ന് ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നാണ് വിശദീകരണം.

ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ പേരും താൽക്കാലിക അദ്ധ്യാപകരാണ്. ഇവരെ പിരിച്ചുവിടുന്നതോടെ കലാമണ്ഡലത്തിന്റെ പ്രവർത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയുണ്ടാകും. പ്രതിമാസം 80 ലക്ഷം രൂപ കലാമണ്ഡലത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി ചെലവ് വരും. എന്നാൽ 40 ലക്ഷം രൂപയാണ് സാംസ്കാരിക വകുപ്പ് കലാമണ്ഡലത്തിന് നൽകുന്നത്.