pic

ധാക്ക: ഇന്ത്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വീണ്ടും ആക്രമണം.

ഇസ്‌കോണിന്റേത് അടക്കം നാല് ഹിന്ദു ക്ഷേത്രങ്ങൾ കൂടി ആക്രമിക്കപ്പെട്ടു. ഭൈരബിലുള്ള ഇസ്‌കോൺ ക്ഷേത്രവും ചിറ്റഗോങ്ങിലെ മൂന്ന് ക്ഷേത്രങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ന്യൂനപക്ഷ വിരുദ്ധ മുദ്റാവാക്യങ്ങൾ മുഴക്കിയെത്തിയ തീവ്ര ഗ്രൂപ്പ് അംഗങ്ങൾ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി വിഗ്രഹങ്ങൾ അടക്കം തകർത്തു. ക്ഷേത്രങ്ങളിലുണ്ടായിരുന്നവർക്ക് നേരെ കല്ലേറുമുണ്ടായി.

ഇതിനിടെ, ബംഗ്ലാദേശിൽ ഒരു ഹിന്ദു പുരോഹിതൻ കൂടി അറസ്​റ്റിലായി. ശ്യാം ദാസ് പ്രഭു എന്ന സന്യാസിയെ ചി​റ്റഗോങ് പൊലീസാണ് അറസ്​റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ വാറണ്ട് പോലും പുറപ്പെടുവിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ട്.

ഇസ്കോൺ മുൻ അംഗം ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് സംഭവം. ദാസ് അടക്കം ഇസ്കോണുമായി ബന്ധമുള്ള 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.

ചിറ്റഗോങ്ങിലെ ജയിലിൽ കഴിയുന്ന ദാസിനെ മോചിപ്പിക്കണമെന്ന് കാട്ടി ഇന്ത്യയടക്കം രംഗത്തെത്തിയിട്ടും ബംഗ്ലാദേശ് തയ്യാറായിട്ടില്ല. ദാസിനെ കാണാൻ ജയിലിലെത്തിയപ്പോഴാണ് ശ്യാം ദാസ് പ്രഭു അറസ്റ്റിലായതെന്ന് പറയുന്നു. ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ നോബൽ ജേതാവ് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ പരാജയപ്പെടുന്നത് വ്യാപക വിമർശനത്തിനിടെയാക്കുന്നു.


 ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്


ഇന്ത്യൻ ദേശീയ പതാകയെ അവഹേളിച്ച ബംഗ്ലാദേശിലെ വിദ്യാർത്ഥികൾക്കെതിരെ ജനരോഷം ശക്തം. വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ ഇന്ത്യൻ പതാകയിൽ ചവിട്ടി നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ധാക്ക യൂണിവേഴ്‌സി​റ്റി, ബംഗ്ലാദേശ് യൂണിവേഴ്‌സി​റ്റി ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി തുടങ്ങിയ ഇടങ്ങളിലെ വിദ്യാർത്ഥികളാണ് ദേശീയ പതാകയെ അവഹേളിച്ചത്. സർവകലാശാലകളുടെ കവാടത്തിൽ നിലത്ത് ഇന്ത്യൻ പതാക പെയിന്റ് ചെയ്ത നിലയിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ചിലയിടത്ത് ഇന്ത്യൻ പതാകയ്ക്കൊപ്പം ഇസ്രയേലി പതാകയും കാണാം.