
മുംബയ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മുംബയ് സിറ്റി എഫ്.സിക്കും മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്‌സിനും ജയം. ജയത്തോടെ ബഗാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മുംബയ് 1-0ത്തിന് ഹൈദരാബാദിനെ കീഴടക്കി.മെഹ്താബ് സിംഗാണ് 29-ാം മിനിട്ടിൽ മുംബയ്‌യുടെ വിജയ ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ ബഗാൻ ഇതേ സ്കോറിന് ചെന്നൈയിൻ എഫ്.സിയെ വീഴ്‌ത്തി. ജേസൺ കുമ്മിംഗ്‌സാണ് 86-ാം മിനിട്ടിൽ ബഗാനായി സ്കോർ ചെയ്തത്.
കേരളത്തിന് 277 റൺസ് വിജയലക്ഷ്യം
ഗുവഹാത്തി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിക്രിക്കറ്റിൽ അസമിനെതിരെ കേരളത്തിന് 277 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സിൽ അസം 224 റൺസിന് പുറത്താവുകയായിരുന്നു. തുടർന്ന് 277 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസെന്ന നിലയിലാണ്.
ഒരു വിക്കറ്റിന് 33 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ അസമിന് തുടക്കത്തിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. ബരുൺജ്യോതി മലാകറിനെ പുറത്താക്കി അബിൻലാലാണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന രാജ് വീർ സിങ്ങും ഹൃഷികേശ് ദാസും ചേർന്ന് 83 റൺസ് കൂട്ടിച്ചേർത്തു. രാജ് വീർ 66ഉം ഹൃഷികേശ് 50ഉം റൺസെടുത്തു. ഇരുവരെയും പുറത്താക്കി കേരളത്തെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് കാർത്തിക്കാണ്. ഇരു വശത്തും മുറയ്ക്ക് വിക്കറ്റുകൾ വീണതോടെ അസം ഇന്നിംഗ്‌സ് 224ന് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്ടൻ അഹമ്മദ് ഇമ്രാനാണ് കേരള ബൗളിംഗ് നിരയിൽ തിളങ്ങിയത്.
കാലടി വോളി: ഇന്ന് ഫൈനൽ
തിരുവനന്തപുരം: കാലടി വോളിബോൾ ക്ലബ് സംഘടിപ്പിക്കുന്ന 52-ാമത് ആൾ കേരള വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. പ്രാദേശിക ക്ലബ് വിഭാഗം ഫൈനലിൽ വെങ്കോട്വോളിബോൾ ടീമും റൂളേഴ്‌സ് കഴക്കൂട്ടവും ഏറ്റുമുട്ടും. പ്രാദേശിക ക്ലബ് വിഭാഗം ചാമ്പ്യന്മാർക്ക് എം.എസ് രവി സ്‌മാരക ട്രോഫി സമ്മാനിക്കും. സെമിയിൽ പി.എസ്.ജി.ആർ.സി ശാന്തിവിളയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് വെങ്കോട് ഫൈനലിൽ എത്തിയത്. സ്കോർ: 25-23, 25-21, 31-29.
ഡിപ്പാർട്ട്മെന്റ് വിഭാഗം ഫൈനലിൽ കേരളാ പൊലീസും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ഏറ്റുമുട്ടും.