
മുടി വളരാനും കൊഴിയാതിരിക്കാനും കൃത്രിമ വഴികളെക്കാൾ നല്ലത് പ്രകൃതി ദത്തമായ മാർഗങ്ങളാണ്, തുളസി, കയ്യോന്നി, ചെമ്പരത്തി, കരിഞ്ചീരകം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തിന് എണ്ണയ്ക്കൊപ്പം ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇതിൽ തന്നെ ഏറ്റവും നല്ലതാണ് നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ എള്ളിന്റെ ഉപയോഗം. ശരീരത്തിന്റെ ആരോഗ്യത്തിന് എന്നതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് എള്ള്. മുടിയുടെ വളർച്ചയ്ക്കും അകാലനര തടയാനും എള്ള് സഹായിക്കുന്നു.
എള്ളിലെ ഒമേഗ 3, ഒമേഗ 6, ഒമേഗ 9 ഫാറ്റി ആസിഡുകൾ തുടങ്ങിയവ തലയോട്ടിയിലെ രക്തയോട്ടത്തെ വർദ്ധിപ്പിക്കാനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഫലപ്രദമാണ്. കൂടാതെ എള്ളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലയോട്ടിയുടെ ആരോഗ്യം നിലനിറുത്താനും മുടി പൊട്ടുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ എള്ള് ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു. ഈ ഘടകങ്ങൾ മുടിയുടെ നിറം നിലനിറുത്താനും അകാലനര തടയാനും സഹായിക്കുന്നു.
എള്ള് ഉപയോഗിക്കേണ്ട വിധം
നന്നായി തിളപ്പിച്ച വെളിച്ചെണ്ണയിൽ രണ്ട് സ്പൂൺ എള്ള് ചേർക്കുക. എണ്ണ തണുത്ത ശേഷം തലയിൽ തേച്ച് മസാജ് ചെയ്യണം. പിന്നീട് ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നത് അകാലനര തടയാൻ മികച്ചതാണ്.