
ന്യൂഡൽഹി: കെെക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ആദ്യമായല്ല ഇത്തരം വെല്ലുവിളികളെന്നും നിയമം പാലിച്ച് തന്നെ മുന്നോട്ടുപോകുമെന്നുമാണ് ഗൗതം അദാനി പ്രതികരിച്ചത്. ആദ്യമായാണ് വിഷയത്തിൽ ഗൗതം അദാനി പരസ്യമായി പ്രതികരിക്കുന്നത്. ജയ്‌പൂരിൽ നടന്ന ജെംസ് ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതൽ ശക്തരാക്കുകയാണ്. പ്രചരിക്കുന്നതൊന്നുമല്ല വസ്തുത. നിക്ഷിപ്ത താൽപര്യത്തോടെയുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരും ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനമോ ഗുഢാലോചനയോ നടത്തിയിട്ടില്ല. എങ്കിലും വസ്തുതകളേക്കാൾ വേഗത്തിൽ തെറ്റായ കാര്യങ്ങളാണ് ഇന്ന് ഏറ്റവും കൂടുതൽ പ്രചരിക്കുന്നത്',- ഗൗതം അദാനി വ്യക്തമാക്കി.
സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 26.5 കോടി ഡോളർ കൈക്കൂലി നൽകിയെന്നും, യുഎസിൽ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നുമാണ് അദാനിക്കെതിരെയുള്ള ആരോപണം. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ സൗരോർജ വിതരണ കരാറുകൾ നേടാൻ കൈക്കൂലി നൽകിയ വിവരം മറച്ചുവച്ച് കടപ്പത്ര വിൽപ്പനയിലൂടെ അമേരിക്കയിലെ നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ച് വഞ്ചിച്ചുവെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണം.
ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി തുടങ്ങിയവർക്കെതിരെ കെെക്കൂലി കുറ്റം ചുമത്തിയെന്നുമാണ് പ്രചരിക്കുന്നത്. എന്നാൽ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരെ യുഎസ് കെെക്കൂലി കുറ്റം ചുമത്തിയിട്ടില്ലെന്ന് അറിയിച്ച് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് അടുത്തിടെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനെത്തുടർന്ന് വന്ന മാദ്ധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. പിന്നാലെയാണ് ഇപ്പോൾ ഗൗതം അദാനിയും പ്രതികരിച്ചിരിക്കുന്നത്.