
എല്ലാ വർഷവും ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനമായി ആചരിച്ചു വരുന്നു. ജനങ്ങൾക്കിടയിൽ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം. ഈ വർഷത്തെ സന്ദേശം എന്നത് ശരിയായ മാർഗ്ഗം അവലംബിക്കുന്നവരുടെ പാത തിരഞ്ഞെടുക്കുക എന്നതാണ്. എച്ച്‌ഐവി രോഗികൾ അനുഭവിക്കുന്ന മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ സന്ദേശത്തിന്റെ ലക്ഷ്യം. പലപ്പോഴും അടിസ്ഥാന മാനുഷിക അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥകൾ ഈ രോഗബാധിതർക്ക് നേരിടേണ്ടി വരുന്നുണ്ട് എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. ഈ രോഗത്തെക്കുറിച്ച് ശരിയായ അവബോധം സമൂഹത്തിലെ എല്ലാ പൗരന്മാരിലേക്കും എത്തിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.
എച്ച്‌ഐവി അണുബാധയുള്ള രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെയാണ് പ്രധാനമായും ഇത് മറ്റൊരാളിലേക്ക് പകരുന്നത്. രോഗം ബാധിച്ച ആളുടെ രക്തം സ്വീകരിക്കുക, പൂർണ്ണമായും അണുവിമുക്തമാക്കാത്ത സൂചികളുടെ ഉപയോഗം, രോഗം ബാധിച്ച അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗം പകരാനുള്ള മറ്റു കാരണങ്ങൾ
ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് രോഗിയുടെ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിൽ പ്രതിരോധ സംവിധാനം പൂർണ്ണമായും തകരാറിലാവുകയും
അതുമൂലം ടി.ബി, പൂപ്പൽ ബാധകൾ, മറ്റു വൈറസുകൾ എന്നിവ ശരീരത്തെ ബാധിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയാണ് എച്ച്‌ഐവി അണുബാധയ്ക്ക് ഉള്ളത്.
ശരീരത്തിലെ എച്ച്‌ഐവി വൈറസിന്റെ സാന്നിധ്യം രക്ത പരിശോധനയിലൂടെ നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും.ഏകദേശം രണ്ടാഴ്ച മുതൽ രക്തത്തിൽ ഇതിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ സാധിക്കുന്ന തരത്തിലുള്ള പരിശോധനകൾ ഇന്ന് ലഭ്യമാണ്. എന്നിരുന്നാലും ചില ഘട്ടങ്ങളിൽ രക്ത പരിശോധന മൂന്നാം മാസത്തിലും ആറാം മാസത്തിലും ആവർത്തിച്ച് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പിക്കുന്നതാണ് നല്ലത്.
'ചികിത്സ ഇല്ലാത്ത രോഗം' എന്നാണ് പൊതുവേ എയ്ഡ്സ് എന്ന അസുഖത്തെ കുറിച്ചുള്ള ഒരു പ്രധാന മിഥ്യാധാരണ. എന്നാൽ വസ്തുത എന്തെന്നാൽ തക്കസമയത്ത് കൃത്യമായ ചികിത്സ തുടങ്ങാൻ സാധിച്ചാൽ തീർച്ചയായും രോഗികൾക്ക് സാധാരണ ഒരു മനുഷ്യന്റെ ആയുർദൈർഘ്യം തന്നെ ലഭിക്കുന്നു. പണ്ടൊക്കെ ഒരുപാട് ഗുളികകൾ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാൽ ഇന്ന് അത് ദിവസത്തിൽ വെറും ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാർശ്വഫലങ്ങൾ വളരെ കുറയുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച ആളുടെ കൂടെ ഒരു മുറിയിൽ ഇരുന്നത് കൊണ്ടോ, രോഗിയെ സ്പർശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാൾക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകൾ മൂലം ഈ രോഗം ബാധിച്ചവർ പാർശ്വവത്കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പുകൾ ഈ വൈറസിനെതിരെ ഇല്ലെങ്കിലും നേരത്തെ കണ്ടുപിടിച്ചാൽ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുവാൻ കഴിയുന്ന ഒരു അസുഖമാണ് എച്ച്.ഐ.വി. രക്തദാനം മൂലമുള്ള രോഗപകർച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാൻ സാധിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. ചികിത്സാരീതികൾ ഒരുപാട് പുരോഗമിച്ചതോടെ അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്കുള്ള രോഗപകർച്ചയെ പൂർണ്ണമായും തടയാൻ സാധിക്കുന്നു എന്ന അവസ്ഥവരെ ഇന്നുണ്ട്.
അതിനാൽ തെറ്റിദ്ധാരണകൾ ഒക്കെ മാറ്റിയെടുത്ത് എയ്ഡ്സ് രോഗബാധിതരെയും നമ്മളിൽ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം. പുതുതലമുറയെ ശാസ്ത്രബോധം ഉള്ളവരും വിവേചന ബോധമില്ലാത്തവരും ആയി വാർത്തെടുക്കാൻ ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം.
Dr. Shareek P.S.
Consultant Infectious Diseasse
SUT Hospital, Pattom