ll

എടപ്പാൾ: മൺപാത്ര നിർമ്മാണം പ്രതിസന്ധിയിലായതോടെ വലഞ്ഞ് വട്ടംകുളത്തെ കുംഭാരൻന്മാർ. ആവശ്യത്തിലെ കുറവും അസംസ്കൃത വസ്തുക്കളുടെ ദൗ‌ർലഭ്യവും കുലത്തൊഴിലായി മൺപാത്ര നിർമ്മാണം നടത്തി വന്നവരെ പ്രയാസത്തിലാക്കുന്നു.

പത്ത് തലമുറയോളം മുൻപ് ആന്ധ്രയിൽ നിന്ന് വട്ടംകുളത്തെത്തി കുല മൺപാത്രനിർമ്മാണം നടത്തുന്നവരാണ് വട്ടംകുളത്തെ കുംഭാരന്മാർ. പതിനഞ്ചോളം കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും നിലവിൽ രണ്ട് കുടുംബങ്ങൾ മാത്രമാണ് ഈ തൊഴിൽ ചെയ്യുന്നത്. തെലുങ്ക് ഭാഷയുമായി ബന്ധമുള്ള ലിപിയില്ലാത്ത ഒരു ഭാഷ ഇന്നും ഇവർക്കിടയിൽ ഉപയോഗിച്ച് വരുന്നുണ്ട്.

പാത്ര നിർമ്മാണത്തിന് ആവശ്യമായ കളിമണ്ണിന്റെയും മണലിന്റേയും ലഭ്യത കുറവ് നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. മുൻ കാലങ്ങളിലേത് പോലെ പാടശേഖരങ്ങളിൽ നിന്ന് മണ്ണ് ശേഖരിക്കുന്നതിന് ജിയോളജി വകുപ്പ് തടസ്സം നിൽക്കുന്നു. പാത്രങ്ങൾ മോൾഡ് ചെയ്ത ശേഷം ചുള ചെയ്തെടുക്കാൻ ആവശ്യമായ ചകിരി, വിറക്, വൈക്കോൽ എന്നിവയുടെ വില വർദ്ധനവ് നിർമ്മാണച്ചെലവ് വർദ്ധിപ്പിച്ചു.

പണ്ട് ഇരുമ്പും മണ്ണും കൂടിയ ചക്രത്തിലാണ് പാത്രങ്ങൾ ഉരുട്ടി എടുത്തിരുന്നത്. ഇതിന് കായികാദ്ധ്വാനം കൂടുതലാണ്. നിലവിൽ ഇലക്ട്രിക് വീലുകൾ ലഭ്യമാണ്. ഇത് കായികാദ്ധ്വാനവും സമയവും ചുരുക്കുന്നു. പഴയ ചക്രത്തിൽ ഒരു ചട്ടി നിർമ്മിയ്ക്കാൻ എടുക്കുന്ന സമയത്തിൽ ഇലക്ട്രിക് വീലിലിൽ പത്ത് ചട്ടി നിർമ്മിയ്ക്കാമെങ്കിലും വൈദ്യുതിച്ചെലവ് ഉത്പാദന ച്ചെലവിൽ വർദ്ധിയ്ക്കും.

മുൻ തലമുറയിൽപ്പെട്ടവർ തലച്ചുമടായി വീടുകളിലും ഉത്സവ പറമ്പുകളിലും നടന്നായിരുന്നു വിൽപന. എന്നാൽ നോൺസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം വർദ്ധിച്ചതോടെ വീടു വീടാന്തരമുള്ള വിൽപന ലാഭകരമല്ലാതായി. നിലവിൽ കൊല്ലം, തിരുവനന്തപുരം ഭാഗത്തെ വ്യവസായികളാണ് ചട്ടികൾ വാങ്ങുന്നത്. അതു തന്നെ ഒരു ലോഡ് എന്ന കണക്കിൽ 2000 ചട്ടികൾ ഉണ്ടെങ്കിലേ വാങ്ങു. ഇത് മണ്ണിന്റെ ലഭ്യതയ്ക്ക് അനുസരിച്ചായതിനാൽ പലപ്പോളും കടുത്ത പ്രതിസന്ധിയാണ്.

അന്യം നിന്ന് പോകുന്ന തൊഴിലായിട്ടും യാതൊരു സർക്കാർ സഹായവും തങ്ങൾക്കില്ലെന്ന പരാതി ഇവർക്കുണ്ട്. കുട്ടിക്കലവും പാനി കലവും ചെടി ചട്ടികളും പൂജാചട്ടികളും നിർമ്മിച്ചിരുന്നിടത്ത് കറിച്ചട്ടികൾ മാത്രമാണ് നിലവിൽ നിർമ്മിക്കാനാവുന്നത്.

മൺചട്ടികൾക്ക് വില ഒട്ടും കൂട്ടി തരാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. കൊവിഡ് കാലത്തിന് ശേഷം കുലത്തൊഴിൽ എന്ന നിലയിൽ മാത്രം മുന്നോട്ട് കൊണ്ട് പോകുകയാണ്. ഇനിയും സാധന സാമഗ്രികളുടെ വില വർദ്ധിച്ചാൽ ഉത്‌പാദനം അവസാനിപ്പിക്കേണ്ടി വരും. അഞ്ച് ലോഡ് ഒരു വർഷം അയ്ക്കുന്നത്. മണ്ണിന്റെ ലഭ്യതക്കുറവു നേരിട്ടാൽ കൂടുതൽ വില നൽകി ദൂരെ നാട്ടിൽ നിന്ന് കൊണ്ടു വരേണ്ടി വരും. അതിന് ചെലവ് കൂടും.

സി.ആർ. മണി

മൺപാത്ര നിർമ്മാണ തൊഴിലാളി

45 രൂപയാണ് ഒരു വലിയ ചട്ടിക്ക് തൊഴിലാളികൾക്ക് ലഭിക്കുക