umar-faizy

മലപ്പുറം: ഖാസിയുടെ യോഗ്യതകളെ കുറിച്ചാണ് ഞാൻ പറഞ്ഞതെന്നും ഒരാളെയും വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്നും സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് പരാമർശം നടത്തിയെന്ന തരത്തിൽ ഉയരുന്ന ആരോപണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. വിവാദ പരാമർശത്തെ തുടർന്ന് മുസ്‌ലിം ലീഗ്- സമസ്ത പോര് രൂക്ഷമായ പശ്ചാത്തലത്തിൽ അദ്ദേഹം കേരളകൗമുദിയുമായി സംസാരിക്കുന്നു.

സമസ്ത താങ്കളുടെ പ്രസ്താവനയെ തള്ളിയിട്ടുണ്ടല്ലോ?​

നേതാക്കൾ പറഞ്ഞതിനെ വിമർശിക്കുന്നില്ല. നാട്ടിൽ പരസ്പരം പ്രശ്നങ്ങൾ ഉണ്ടാവേണ്ട എന്ന നിലയ്ക്ക് പറഞ്ഞതാവും. അത് അനുസരിക്കാൻ തയ്യാറാണ്.

പ്രസംഗം സ്പർദ്ധ ഉണ്ടാക്കുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതിനെക്കുറിച്ച്?

പ്രസംഗം കേട്ടാൽ ആർക്കും ലക്ഷ്യം മനസിലാവും. കുഞ്ഞാലിക്കുട്ടി വ്യാഖ്യാനം കൊടുക്കേണ്ട ആവശ്യമില്ല. സ്പർദ്ധയുണ്ടാക്കുന്ന എന്തെല്ലാം വിഷയങ്ങളുണ്ടായിട്ടുണ്ട്. ലീഗ് നേതാവ് പി.എം.എ സലാം സമസ്ത നേതാക്കൾക്കെതിരെ വളരെ മോശമായി പറഞ്ഞിട്ടില്ലേ. രണ്ടുസംഘടനകളും ഒരുമിച്ച് പോവുന്നതിന് വിഘാതം സൃഷ്ടിച്ച സലാമിനെതിരെ നടപടിയെടുത്തോ.

താങ്കൾ ഇടതുപക്ഷക്കാരനാണെന്ന ആക്ഷേപത്തെക്കുറിച്ച്?
അത് കുറച്ചുകാലമായി കേൾക്കുന്നുണ്ട്. എന്റെ ജീവിതം സമസ്തയാണ്,​ രാഷ്ട്രീയമില്ല. ആര് നല്ലത് ചെയ്താലും പിന്തുണയ്ക്കും. ശരിയല്ലെങ്കിൽ വിമർശിക്കും. നല്ല കാര്യത്തെ പിന്തുണച്ചാൽ പാർട്ടിക്കാരനാണെന്ന് ചിലർക്ക് തോന്നാം.

താങ്കളെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്ന പ്രമേയം എടവണ്ണപ്പാറയിൽ കോ-ഓർഡിനേഷൻ കൺവെൻഷനിലുണ്ടായല്ലോ?
അവർ സമസ്തക്കാരല്ല. ഗുരുതരമായ കുറ്റത്തിന് സമസ്തയിൽ നിന്ന് പുറത്താക്കിയ ജബ്ബാർ ഹാജിയെ പോലെയുള്ള ചില ആളുകൾ കൂടിയിരുന്ന് ഉണ്ടാക്കിയ സംവിധാനമാണത്. രാഷ്ട്രീയമാണ് ലക്ഷ്യം. എന്നെ പുറത്താക്കുക അവരുടെ ആഗ്രഹം മാത്രമാണ്. രാഷ്ട്രീയക്കാർ അങ്ങാടിയിൽ പലതും പറയും.​ അതൊന്നും ശ്രദ്ധിക്കാറേയില്ല.


ഹക്കീം ഫൈസിയെ സി.ഐ.സി ജനറൽ സെക്രട്ടറിയാക്കിയത് അനുരഞ്ജന ചർച്ചയുടെ ലംഘനമാണോ?

സാദിഖലി തങ്ങളാണ് സി.ഐ.സിയുടെ പ്രസിഡന്റ്. സമസ്തയുടെ തീരുമാനം സി.ഐ.സിയിൽ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളൂ. അനുരഞ്ജനത്തിന്റെ ഭാഗമായി ഒമ്പത് കാര്യങ്ങൾ അനുസരിക്കാൻ രണ്ടുകൂട്ടരും തീരുമാനമെടുത്തിരുന്നു. ഇവ സി.ഐ.സിയെക്കൊണ്ട് അംഗീകരിപ്പിക്കാമെന്നും ഇതല്ലെങ്കിൽ സാദിഖലി തങ്ങളും കൂട്ടരും സി.ഐ.സിയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നും സമസ്ത മുശാവറയിൽ വാക്കുതന്നു. ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അതിന്റെ പേരിലാണ് ഈ ബഹളങ്ങളെല്ലാം. തീരുമാനം നടപ്പാക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരും.