wakf

മലപ്പുറം: ചെറായി മുനമ്പത്തെ ഭൂമി പ്രശ്നം സർക്കാരിടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് വിളിച്ച മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി അവിടെ താമസിക്കുന്നവരുടെ ഭൂമി സംബന്ധമായ പ്രശ്നം പരിഹരിക്കണം. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനുള്ള ചില സ്വാർത്ഥ താത്പര്യക്കാരുടെ ശ്രമം മതസൗഹാർദ്ദത്തെ ബാധിക്കും. ഭരണഘടനാവിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെ ന്യായീകരിക്കാൻ ഈ തർക്കത്തെ സ്ഥാപിത താത്പര്യക്കാർ ഉപയോഗിക്കുയാണ്.

പ്രശ്നം കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താൻ നടപടിയെടുക്കണമെന്നും അതിനായി സർക്കാർ നേരിട്ടോ കമ്മിഷൻ മുഖേനയോ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പി.കെ. കുഞ്ഞാലിക്കുട്ടി,​ പി.എം.എ. സലാം,​ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.കെ. മുനീർ, വിവിധ മുസ്ലീം സംഘടനാ നേതാക്കളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, പി. മുജീബ് റഹ്മാൻ, എ.ഐ. മജീദ് സ്വലാഹി, എ. അസ്ഗറലി, പ്രൊഫ. എ.കെ. ഹമീദ്, സി.പി. ഉമർസുല്ലമി, അഡ്വ. ഹനീഫ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂർ, വി.പി. അബ്ദുറഹ്മാൻ, അഡ്വ. പി.കെ. അബൂബക്കർ, കെ.എം. മൻസൂർ അഹമ്മദ്, ഇ.ടി. അഷ്റഫ് ബാഖവി, പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി പങ്കെടുത്തു.