
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി താലൂക്ക് തലങ്ങളിൽ ഉലമാ സമ്മേളനം സംഘടിപ്പിക്കാൻ മലപ്പുറം സുന്നി മഹലിൽ ചേർന്ന സമസ്ത ജില്ലാ ജംഇത്തുൽ ഉലമാ യോഗം തീരുമാനിച്ചു. 23ന് രാവിലെ 10 മണിക്ക് നിലമ്പൂർ താലൂക്ക് സമ്മേളനം നിലമ്പൂർ ചന്തക്കുന്ന് മർകസിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ എം.ടി അബ്ദുല്ല മുസ്ലിയാർ സമ്മേളന ഉദ്ദേശ ലക്ഷ്യങ്ങൾ അവതരിപ്പിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫൽ ഫൈസി തിരൂർ വിഷയാവതരണം നടത്തും. 26ന് പെരിന്തൽമണ്ണ താലൂക്ക് ഉലമാ സമ്മേളനം നടക്കും.
യോഗത്തിൽ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ് ലിയാർ അദ്ധ്യക്ഷനായി. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത് പ്രാർത്ഥന നടത്തി.