
മഞ്ചേരി: കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ആരംഭിച്ചിട്ടുള്ള 'ഗോത്രവർദ്ധൻ' പരിപാടിക്ക് ജില്ലയിൽ തുടക്കമായി. മഞ്ചേരിയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയാണ് ജില്ലയിൽ നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി പെരിന്തൽമണ്ണ താഴെക്കോട് പ്രദേശത്തെ കുട്ടികൾ താമസിക്കുന്ന സായി സ്‌നേഹതീരം' ട്രൈബൽ ഹോസ്റ്റലിലെ 60 കുട്ടികൾക്ക് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പ്രത്യേക യാത്ര സംഘടിപ്പിച്ചു. യാത്ര മലപ്പുറം കമ്മ്യൂണിറ്റി ഹാളിൽ നിന്ന് പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് കെ. സനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പെരിന്തൽമണ്ണ ബാർ അസോസിയേഷനും അൽഷിഫ കോളേജ് ഓഫ് ഫാർമസിയൂം സംയുക്തമായാണ് യാത്ര നടപ്പിലാക്കിയത്. കുട്ടികൾക്ക് വിമാനങ്ങൾ അടുത്തു കാണാനും ക്യാബിൻ ക്രൂവുമായി നേരിട്ട് സംവദിക്കാനും സൗകര്യമൊരുക്കി.