കാളികാവ്: നടക്കാൻ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയും എൽ.ഡി.എഫിനൊപ്പം നിൽക്കും, കൂടെ വയനാടും പോരുമെന്നാണ് നിലവിലെ സ്ഥിതിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചോക്കാട് നാൽപ്പത് സെൻറിൽ കുടുബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഡപ്യൂട്ടി സ്പീക്കർ. വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ച് മറ്റൊരു തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ച കോൺഗ്രസ്സിൻറെ നയത്തിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

പാലക്കാട്ടെ കോൺഗ്രസ്സിലെ പൊട്ടിത്തെറി ഇടതുപക്ഷത്തെ ജനങ്ങൾ ഏറ്റെടുത്തു എന്നതിൻറെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ.ടി.മുജീബ് അദ്ധ്യക്ഷത വഹിച്ചു. വാർഡ്മെമ്പർ കെ.ടി.സലീന, വി.പി സജീവൻ, മാനീരി ഹസ്സൻ, പി.മാനുക്കുട്ടൻ എന്നിവർ പങ്കെടുത്തു.