
മലപ്പുറം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ജില്ലയിലെ മൂന്ന് ജില്ലാ ആശുപത്രികൾക്ക് 15 കോടി രൂപ കുടിശ്ശിക. ഇതോടെ പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട സൗജന്യ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. തിരൂർ ജില്ലാ ആശുപത്രി - 7,47,88,348 രൂപ, നിലമ്പൂർ ജില്ലാ ആശുപത്രി - 5,81,80,466 രൂപ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി - 1,63,83,198 രൂപ എന്നിങ്ങനെയാണ് മാസങ്ങളായി കുടിശ്ശികയായി ലഭിക്കാനുള്ളത്. ഇതോടെ ആശുപത്രികൾ വിവിധ സേവനങ്ങൾക്കായി കരാറിൽ ഏർപ്പെട്ട സ്ഥാപനങ്ങൾക്ക് തുടർസേവനങ്ങൾ നൽകാൻ കഴിയില്ലെന്ന നിലപാട് എടുത്തിട്ടുണ്ട്. വലിയ തുക കുടിശ്ശിക വന്നതോടെ സ്വകാര്യ ആശുപത്രികൾ കാസ്പ് പദ്ധതിയോട് മുഖം തിരിച്ചിട്ടുണ്ട്. ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ ചികിത്സ നൽകാനാവില്ലെന്ന നിലപാടിലാണ്.
കാസ്പ് പദ്ധതി പ്രകാരം ഒരുവർഷം അഞ്ച് ലക്ഷം രൂപ വരെ ഒരുകുടുംബത്തിന് ചികിത്സയ്ക്കായി അനുവദിക്കും. കുടുംബാംഗങ്ങളുടെ പ്രായ പരിധിയോ എണ്ണമോ ഈ പദ്ധതിയുടെ മാനദണ്ഡമല്ല. പദ്ധതിയിൽ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുമെന്നതാണ് കാസ്പിന്റെ പ്രത്യേകത.
മുടങ്ങുന്നത് മികച്ച പദ്ധതി
ആർ.എസ്.ബി.വൈ, സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, ചിസ്, കാരുണ്യ ബെനവലെന്റ് ഫണ്ട്, പി.എം.ജെ.വൈ ഉൾപ്പെടെ വിവിധ ചികിത്സാ സഹായ പദ്ധതികൾ സംയോജിപ്പിച്ചാണ് കാസ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപമേകിയത്. റേഷൻ കാർഡിലെ വരുമാനം അടിസ്ഥാനമാക്കിയാണ് പദ്ധതിയിലേക്ക് അർഹത നിശ്ചയിക്കുന്നത് എന്നത് നിരവധിപേർക്ക് പദ്ധതിയിൽ ഉൾപ്പെടാൻ സഹായകമായി. ചികിത്സാ ചെലവുകൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത സാഹചര്യത്തിൽ കാസ്പ് വഴിയുള്ള ആനുകൂല്യങ്ങൾ നിർധന രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമായിരുന്നു. ജില്ലയിലെ ചെറിയ ആശുപത്രികൾ മുതൽ മുൻനിര ആശുപത്രികൾ വരെ കാസ്പ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. വലിയ കുടിശ്ശികകൾ വന്നതോടെ പദ്ധതിയിൽ നിന്ന് പല ആശുപത്രികളും പിൻവാങ്ങി.