
തിരൂർ: നാടക-സിനിമാ രംഗത്തെ സമഗ്രസംഭാവനക്ക് ഏർപ്പെടുത്തിയിട്ടുള്ള ആക്റ്റ് പുരസ്കാരം പ്രശസ്ത നാടക - സിനിമ അഭിനേതാവ് ടി ജി രവിക്ക് സമ്മാനിക്കും. 200 ൽ പരം സിനിമകളിൽ നായകനായും പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട്.കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. സരസ്വതി നമ്പൂതിരി, ഡോ. എം.എൻ.അബ്ദുൽറഹ്മാൻ, എസ്. ത്യാഗരാജൻ എന്നിവർ അംഗങ്ങളും അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി കൺവീനറുമായിട്ടുള്ള ജൂറി കമ്മിറ്റിയാണ് ടി.ജി.രവിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ക്യാഷ് അവാർഡും പ്രത്യേകം രൂപകല്പന ചെയ്ത ഫലകവുമാണ് പുരസ്കാരം. ആക്റ്റ് നാടകമേളയോടനുബന്ധിച്ച് നവംബർ 16ന് വൈകിട്ട് ആറിന് തിരൂർ മുൻസിപ്പൽ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് -ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രിയും ആക്റ്റ് പ്രസിഡന്റുമായ വി.അബ്ദുൽറഹ്മാൻ, ആക്റ്റ് പുരസ്കാരം ടി.ജി.രവിക്ക് സമർപ്പിക്കും.വാർത്താ സമ്മേളനത്തിൽ ആക്റ്റ് വൈസ് പ്രസിഡന്റ് സ്വാഗതസംഘം ജനറൽ കൺവീനറുമായ അഡ്വ.വിക്രമകുമാർ മുല്ലശ്ശേരി , ജനറൽ സെക്രട്ടറിയും സ്വാഗതസംഘം വർക്കിംഗ് പ്രസിഡൻറുമായ എസ്. ത്യാഗരാജൻ, ആക്റ്റ് സെക്രട്ടറിമാരായ കരീം മേച്ചേരി, എം.കെ.അനിൽ കുമാർ, ഷീന രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു .