ggggg
.

മലപ്പുറം: ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക ലഭ്യമല്ലാത്തതിനാൽ മൂന്ന് വർഷത്തിലധികമായി അടഞ്ഞ് കിടന്നിരുന്ന കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. ഹാളിനുള്ളിലെ ഫാൻ, ലൈറ്റ്, സ്വിച്ച് ബോർഡ് എന്നിവ മാറ്റിസ്ഥാപിക്കാനാവശ്യമായ തുക തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകാത്തതിനെ തുടർന്ന് ഡി.ടി.പി.സി മുൻകൈയെടുത്ത് തുക വകയിരുത്തി പ്രവൃത്തികൾ പൂർത്തീകരിക്കുകയായിരുന്നു. ഡി.ടി.പി.സിയുടെ തന്നെ ഇലക്ട്രീഷ്യന്മാരാണ്
50 ഓളം ലൈറ്റുകളും ഫാനുകളും സ്വിച്ച് ബോർഡുകളും മാറ്റിസ്ഥാപിച്ചത്. നാല് ദിവസം കൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്. സാംസ്‌കാരിക സമ്മേളനങ്ങൾ അടക്കമുള്ളവയുടെ ബുക്കിംഗ് ഇവിടെ ആരംഭിച്ചിട്ടുണ്ട്.

വി.വി പാറ്റ് അടക്കമുള്ള വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാനായി മൂന്ന് വർഷം മുമ്പാണ് ഡി.ടി.പി.സി ഹാൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുത്തത്. ഹാൾ തുറക്കാതെ വന്നതോടെ വാതിലുകളും ജനലുകളും വൈദ്യുതി ഉപകരണങ്ങളുമെല്ലാം നശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്ന നിലപാടിലായിരുന്നു ഡി.ടി.പി.സി അധികൃതർ. തിരഞ്ഞെടുപ്പ് കമ്മിഷൻ വാതിലുകളും ജനലുകളും ഗെയ്റ്റും മാറ്റിസ്ഥാപിക്കുകയും പെയ്ന്റിംഗ് ജോലികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇലക്ട്രിക്കൽ ജോലികൾക്കുള്ള തുക നൽകാത്ത സാഹചര്യത്തിലാണ് ഡി.ടി.പി.സി സ്വന്തം ഫണ്ടുപയോഗിച്ച് പ്രവൃത്തികൾ പൂർത്തിയാക്കിയത്.

500 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഇവിടെ ഹാൾ വാടകയ്ക്ക് നൽകാൻ സാധിക്കാത്തതിനാൽ ഈ ഇനത്തിൽ ലഭിച്ച വരുമാനം മുടങ്ങിയപ്പോഴും ഇതിനനുസൃതമായ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പ് കൊവിഡ് കാലമായിരുന്നതിനാൽ മൂന്ന് വർഷത്തിലധികമായി ഇതുവഴി വരുമാനം ലഭിച്ചിരുന്നില്ല. കോട്ടക്കുന്ന് ആർട്ട് ഗാലറിയോട് ചേർന്നാണ് ഡി.ടി.പി.സി ഹാൾ സ്ഥിതി ചെയ്യുന്നത്.

കുറഞ്ഞ ചെലവിൽ സാംസ്‌കാരിക പരിപാടികളും സമ്മേളനങ്ങളും വിവിധ സർക്കാർ പരിപാടികളും വിവാഹങ്ങളും നടന്നിരുന്ന കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാൾ തുറന്നതോടെ സാധാരണക്കാർക്ക് ആശ്വാസമാകും. വിവിധ പരിപാടികൾക്കായി ഇതിനോടകം തന്നെ ആളുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
അൻവർ അയമോൻ, ഡി.ടി.പി.സി കോട്ടക്കുന്ന് കെയർടേക്കർ