
മലപ്പുറം: സ്‌കൂളിലെ പാചകത്തൊഴിലാളികൾക്കുള്ള വേതനം സമയബന്ധിതമായി കൈമാറുമെന്ന വാഗ്ദാനം നടപ്പാക്കാതെ സർക്കാർ. നിലവിൽ ആഗസ്റ്റ് വരെയുള്ള വേതനമാണ് ലഭിച്ചിട്ടുള്ളത്. ജൂൺ, ജൂലായ് മാസങ്ങളിലേത് ആഗസ്റ്റിലാണ് നൽകിയത്. 150 കുട്ടികൾ വരെയുള്ള സ്‌കൂളിലെ പാചകത്തൊഴിലാളിയ്ക്ക് 600 രൂപയാണ് ദിവസ വേതനം. കൂടുതലുള്ള ഓരോ കുട്ടിയ്ക്കും 25 പൈസ വീതം അധിക വേതനം ലഭിക്കും. 500ലേറെ കുട്ടികളുള്ള സ്‌കൂളിൽ രണ്ട് പാചകത്തൊഴിലാളികളുണ്ട്. 600 രൂപയാണ് അടിസ്ഥാന ശമ്പളം. ശേഷമുള്ള തുക ഇരുവർക്കുമായി വീതിക്കും. പ്രക്ഷോഭം നടത്തിയാലേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്ന സ്ഥിതി ദയനീയമാണെന്ന് പാചകത്തൊഴിലാളികൾ പറയുന്നു. അപകട ഇൻഷ്വറൻസ്, പി.എഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നത് സ്‌കൂൾ പാചകത്തൊഴിലാളി സംഘടനയുടെ ദീർഘനാളായുള്ള ആവശ്യമാണ്.
ആഗസ്റ്റ് മുതൽ പാലിനും മുട്ടയ്ക്കുമുള്ള തുക അധികമായി അനുവദിക്കുന്നുണ്ട്. നേരത്തെ പല സ്‌കൂളുകളിലും പദ്ധതി മുടങ്ങാതിരിക്കാനായി പ്രധാനാദ്ധ്യാപകരായിരുന്നു ഇതിനുള്ള പണം നൽകിയിരുന്നത്. പല സ്‌കൂളുകളിലും പണം ലഭിക്കാത്തതിനാൽ മുട്ട നൽകാത്ത സ്ഥിതിയുമുണ്ടായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. മുട്ട വേണ്ടാത്തവർക്ക് നേന്ത്രപ്പഴമാണ് നൽകേണ്ടത്.
വെറും വാക്ക്
> 2016ൽ മിനിമം കൂലി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നടപ്പായില്ല.
> വിരമിക്കൽ ആനുകൂല്യം നൽകുമെന്ന 2017ലെ വാഗ്ദാനം വാക്കിലൊതുങ്ങി.
> 2018-2019ലെ ദേശീയ വർക്ക് പ്ലാനിൽ ഇ.എസ്.ഐ, പി.എഫ് ആനുകൂല്യം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതും നടപ്പായില്ല.
തൊഴിലാളികൾക്ക് കൃത്യമായ വേതനം നൽകുന്നതിനൊപ്പം പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഏർപ്പെടുത്തണം. പല സ്‌കൂളുകളിലും പാചകത്തൊഴിലാളികളുടെ അദ്ധ്വാനഭാരം കൂടുതലാണ്.
വി.പി.ഉണ്ണികൃഷ്ണൻ, സ്‌കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്