
മലപ്പുറം: ബി.ജെ.പി സർക്കാർ രാജ്യത്ത് അധികാരത്തിൽ തുടരുന്നിടത്തോളം കാലം ജനങ്ങളുടെ അവകാശങ്ങൾ ലഭ്യമാകില്ലെന്ന് പ്രിയങ്കാ ഗാന്ധി ഏറനാട്ടിലെ കിഴിശ്ശേരിയിൽ നടന്ന തിരഞ്ഞെടുപ്പ് പര്യടന യോഗത്തിൽ പറഞ്ഞു.
ബി.ജെ.പി അധികാരത്തിലിരിക്കുമ്പോൾ ഈ രാജ്യത്തെ കർഷകർക്കായി ഒരു രൂപയുടെ കടവും എഴുതിത്തള്ളിയിട്ടില്ല. നോട്ട് നിരോധനം, ചരക്ക് സേവന നികുതി പോലുള്ള നയങ്ങളിലൂടെ ചെറുകിട-ഇടത്തരം വ്യാപാരികളെ കേന്ദ്ര സർക്കാർ ദ്രോഹിക്കുകയാണ്. ബി.ജെ.പി നയങ്ങൾ തൊഴിൽ സൃഷ്ടിക്കുന്നില്ല. വിദ്യാസമ്പന്നർക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ് ഇന്ത്യയിലുള്ളത്. മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വർദ്ധിക്കുന്നു. പ്രവാസികൾ തിരികെ നാട്ടിലെത്തുമ്പോൾ പുനരധിവാസത്തിനുള്ള യാതൊരു സൗകര്യവുമില്ല. വിമാനയാത്രാക്കൂലി കൂടുതലായതിനാൽ പ്രവാസികൾ വലിയ ബുദ്ധിമുട്ട് നേരിടുന്നു. ഫുട്‌ബാളിൽ അഭിരുചിയുള്ള നിരവധി പേർ ഇവിടെയുണ്ട്. എന്നാൽ, മികച്ച സ്റ്റേഡിയങ്ങളോ പരിശീലന ക്യാമ്പുകളോ ഒന്നും ഇവിടെയില്ല.
രാത്രിയാത്രാ നിരോധനമടക്കമുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങൾ അനുഭവിക്കുന്നത്. ഇതിനെല്ലാം എതിരെയാണ് രാഹുൽഗാന്ധി പോരാടിയത്. മികച്ച ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും എല്ലാം ജനങ്ങൾ അർഹിക്കുന്നതാണ്. ഇവയൊന്നും സർക്കാരിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. വയനാട് നിയോജക മണ്ഡലത്തിൽ എവിടെ പോയാലും ജനതയുടെ ഒത്തൊരുമയാണ് കാണാൻ സാധിക്കുന്നതെന്നും ബി.ജെ.പിയുടെ രാഷ്ട്രീയം പടർത്തുന്ന വിഭാഗീയത ഒട്ടും സ്പർശിക്കാതെ എല്ലാ മതസ്ഥരും ഒരുമിച്ച് നിൽക്കുകയാണിവിടെയെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഇന്നലെ ജില്ലയിലെ കിഴിശ്ശേരി, കാവന്നൂർ എന്നിവിടങ്ങളിലെത്തിയ പ്രിയങ്കയെ കാണാൻ പ്രായഭേദമന്യേ നിരവധി പേരാണ് തടിച്ചുകൂടിയത്. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്താണ് പ്രിയങ്ക കിഴിശ്ശേരിയിലെത്തിയത്. ചാറ്റൽ മഴയിലും ആവേശം കൈവിടാതെ ജനങ്ങൾ പ്രിയങ്കയെ കേട്ടിരുന്നു. ശേഷം കാവന്നൂരിലെത്തി ജനങ്ങളെ അഭിവാദ്യം ചെയ്തു.