പൂക്കോട്ടുംപാടം: പട്ടാപ്പകൽ കടയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. മമ്പാട് പുള്ളിപ്പാടം മുണ്ടംപറമ്പത്ത് സുധീഷ് എന്ന ചെല്ലപ്പൻ സുധിയാണ് (25) പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്. ചാത്തല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് യുവാവ്. ഇക്കഴിഞ്ഞ സെപ്തംബർ 27ന് വൈകിട്ട് കരുളായി ടൗണിലെ മലബാർ വെജിറ്റബിൾസ് എന്ന കടയിൽ വച്ച് കടയുടമയുടെ മകൻ മുഹമ്മദ് സിനാനെ തെറ്റിദ്ധരിപ്പിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. സിനാൻ പണം എണ്ണി തിട്ടപ്പെടുത്തി വച്ച ശേഷം പ്രതിയുടെ ഇടപാടിൽ സംശയം തോന്നി പിതാവിനെ വിവരം ധരിപ്പിക്കാൻ ഫോൺ വിളിക്കാൻ തിരിഞ്ഞപ്പോൾ പ്രതി മേശവലിപ്പിലെ പണമെടുത്ത് ഓടി
രക്ഷപ്പെട്ടു. പൂക്കോട്ടുംപാടം പൊലീസ് നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. അടുത്ത കടയിലെ കാമറയിൽ പ്രതി കാറിൽ കയറി പോകുന്ന ദൃശ്യവും പോലീസിന് ലഭിച്ചു. പിന്നീട് കാറിനെക്കുറിച്ചുള്ള അന്വേഷണത്തിൽ കാളികാവിലെ ഒരു വർക്ക് ഷോപ്പിൽ നിന്ന് ഉടമയെ കബളിപ്പിച്ച് തട്ടിയെടുത്തതാണ് കാർ എന്നും പോലീസ് കണ്ടെത്തി. തുടർന്ന് സുധീഷിന്റെ ഫോട്ടോ കടയുടമയെയും വർക്ക് ഷോപ്പ് ഉടമയെയും പൊലീസ് കാണിച്ചപ്പോൾ ഇരുവരും ആളെ തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി എടക്കരയിലെ ഭാര്യയുടെ വീട്ടിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പിടികൂടുകയായിരുന്നു. പണം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ കൂട്ടുകാർക്കൊപ്പം കറങ്ങി ചെലവഴിച്ചുവെന്നും മുൻകാല കേസുകളുടെ
നടത്തിപ്പിനും തുക ചെലവായെന്നും മൊഴി നൽകി.
കൊടുവള്ളി, പെരിന്തൽമണ്ണ, വാഴക്കാട്, തേഞ്ഞിപ്പലം, കാളികാവ് പൊലീസ് സ്റ്റേഷനുകളിൽ സമാന കളവു കേസുകളിലും മഞ്ചേരി, പൂക്കോട്ടുംപാടം, എടവണ്ണ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മറ്റ് ക്രിമിനൽ കേസുകളും ഉൾപ്പെടെ 11 കേസുകളിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയതാണ് പ്രതിയെന്നും കണ്ടെത്തി.
പൂക്കോട്ടുംപാടം എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ എം. അസൈനാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ് ചക്കാലക്കുത്ത്, സക്കീർ ഹുസൈൻ മാമ്പൊയിൽ, എൻ.പി. സുനിൽ, സിയാദ് എടവണ്ണ, പി. സലീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.