priyanka

വണ്ടൂർ: മലയോര മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണാവേശം ടോപ്പ് ഗിയറിലാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വണ്ടൂർ,​ നിലമ്പൂർ നിയോജക മണ്ഡലങ്ങളിലെ ആറിടങ്ങളിൽ പ്രിയങ്ക പ്രചാരണത്തിനെത്തി. സ്ത്രീകളും കുട്ടികളുമടക്കം തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ കൈവീശിയും ഹസ്തദാനം ചെയ്തും വിശേഷങ്ങൾ ചോദിച്ചും പ്രിയങ്ക മുന്നേറിയപ്പോൾ പ്രവർത്തകരും ആവേശത്തിലായി.

വണ്ടൂർ നിയോജക മണ്ഡലത്തിലെ ചെറുകോടിൽ ആയിരുന്നു ആദ്യ യോഗം. തുവ്വൂരിലേയും കാളികാവിലേയും കോർണർ മീറ്റിംഗുകൾക്ക് ശേഷം ചോക്കാട് റോഡ് ഷോയിലും പങ്കെടുത്തു. കാറിന്റെ ഓപ്പൺ റൂഫ് തുറന്നാണ് പ്രിയങ്ക അഭിവാദ്യം ചെയ്തത്. നിലമ്പൂർ നിയോജക മണ്ഡലത്തിലെ പൂക്കോട്ടുംപാടത്ത് ആയിരുന്നു അവസാന യോഗം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ പങ്കെടുത്തു.

മികച്ച കായികതാരങ്ങളെ വളർത്തിക്കൊണ്ടു വരണം: പ്രിയങ്ക ഗാന്ധി

വണ്ടൂർ: മലപ്പുറത്തുകാർ ഫുട്‌ബാളിൽ നല്ല കഴിവുള്ളവരാണെന്നും ലോകത്തുള്ള ആരോടും മത്സരിക്കുന്ന രീതിയിൽ അവരെ വളർത്തിക്കൊണ്ടു വരണമെന്നുംവയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. വണ്ടൂർ നിയോജക മണ്ഡലത്തിലെ ചെറുകോട് നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കായിക മേഖലയെ ലോകോത്തരമാക്കുന്നതിന് ഇവിടെ മികച്ച സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും പരിശീലകരും ക്യാമ്പുകളും ഉണ്ടാകണം. എല്ലാ മനുഷ്യരും സഹോദര്യത്തോടെയും ഐക്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന പാരമ്പര്യമ്പാണ് ഇവിടെയുള്ളത്. കഴിഞ്ഞ പത്തുവർഷമായി കണ്ടുകൊണ്ടിരിക്കുന്നത് വിഭാഗീയതയുടെ രാഷ്ട്രീയമാണ്. വിളകൾക്ക് ന്യായമായ വില കിട്ടുന്നില്ല. രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. മഹാ ദുരന്തങ്ങൾ നടന്നിട്ടും നഷ്ടപരിഹാരം ലഭിക്കുന്നില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാൻ വൈകുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൃത്യമായ വേതനം ലഭിക്കുന്നില്ല. മനുഷ്യ വന്യജീവി സംഘർഷം വലിയ പ്രശ്നമാണ്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഇനിയും ധാരാളം വികസനങ്ങൾ ആവശ്യമുണ്ട്. കർഷകർക്ക് ലഭ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. രാജ്യത്ത് ബി.ജെ.പി വിഭാഗീയ വളർത്തിയപ്പോൾ സ്‌നേഹത്തിനും വിശ്വാസത്തിനും ഐക്യത്തിനും വേണ്ടി 4,​000 കിലോമീറ്റർ നടക്കാൻ രാഹുൽഗാന്ധിക്ക് ധൈര്യം നൽകിയത് വയനാട് മണ്ഡലത്തിലെ ജനങ്ങളാണെന്നും പ്രിയങ്ക പറഞ്ഞു.

കരിപ്പൂരിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കണം: പ്രിയങ്ക ഗാന്ധി

തുവ്വൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വണ്ടൂർ നിയോജക മണ്ഡലത്തിലെ തൂവ്വൂരിലെ കോർണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിമാനയാത്ര നിരക്ക് വർദ്ധനവ് പ്രവാസികൾ നേരിടുന്ന വലിയ പ്രശ്നമാണ്. അതു കുറയ്ക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം.

35 വർഷമായി താൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. അതിനാൽ രാഷ്ട്രീയക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അധികാരം നിലനിർത്താൻ വേണ്ടി ജനങ്ങളെ വിഭജിക്കാൻ മടിയില്ലാത്ത ആളാണ് നരേന്ദ്ര മോദി. ഇദ്ദേഹത്തിന് വേണ്ടത് അധികാരം മാത്രമാണ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പൂർണമായും അദ്ദേഹം മറക്കുന്നു. തുവ്വൂർ റെയിൽവേ സ്റ്റേഷൻ വികസനം ജനങ്ങളുടെ കാലാകാലമായുള്ള ആവശ്യമാണ്. റോഡുകൾ മെച്ചപ്പെടുത്തിയാൽ ടൂറിസം മേഖലയെ കൂടുതൽ വികസിപ്പിക്കാനും ധാരാളം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനും കഴിയും. ഇവിടെ തൊഴിലവസരങ്ങൾ കുറവായതിനാൽ ഒരുപാട് ആളുകൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബി.ജെ.പിയുടേത് ചെറുകിട കച്ചവടക്കാരെ തകർക്കുന്ന നയങ്ങൾ: പ്രിയങ്ക ഗാന്ധി

നിലമ്പൂർ: ബി.ജെ.പിയുടേത് ചെറുകിട കച്ചവടക്കാരെ തകർക്കുന്ന നയങ്ങളാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നിലമ്പൂർ പൂക്കോട്ടുപാടത്തെ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ടനുഭവിച്ചത് ചെറുകിട കച്ചവടക്കാരായിരുന്നു. കൊവിഡ് സമയത്തും അവസ്ഥ സമാനമായിരുന്നു. കൊവിഡ് സമയത്ത് മറ്റു രാജ്യങ്ങൾ ചെറുകിട കച്ചവടക്കാരെ സഹായിച്ചപ്പോൾ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ടത് ചെറുകിട കച്ചവടക്കാരായിരുന്നു. അതിനുശേഷം അവരുടെ മേൽ ജി.എസ്.ടി അടിച്ചേൽപ്പിച്ചു. അതവർക്ക് കൂടുതൽ ദുരിതം നൽകി. ഇന്നവർ നൽകുന്ന വാടകയ്ക്ക് പോലും ജി.എസ്.ടി ചുമത്തി. പിന്നെ എങ്ങനെയാണ് ഇവർക്ക് പുരോഗതി പ്രാപിക്കാൻ കഴിയുക. എവിടെ നോക്കിയാലും ആളുകൾക്ക് ബുദ്ധിമുട്ടും പ്രയാസവുമാണ്. ചെറുകിട കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ഹോട്ടൽ നടത്തുന്നവർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പ്രയാസത്തിലാണ്. ഈ പ്രയാസങ്ങളുടെയെല്ലാം മൂല കാരണം നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ബി.ജെ.പിയുടെ തെറ്റായ രാഷ്ട്രീയമാണെന്നും പ്രിയങ്ക പറഞ്ഞു.